ബെംഗളൂരു : കർണാടകത്തിൽ വനിതാ ജീവനക്കാർക്ക് എല്ലാ മാസവും ഒരുദിവസം ആർത്തവാവധി നിർബന്ധമാക്കുന്ന സംസ്ഥാന സർക്കാർ വിജ്ഞാപനം ആദ്യം സ്റ്റേ ചെയ്ത ഹൈക്കോടതി ഇതേദിവസംതന്നെ ഉത്തരവ് പിൻവലിച്ചു. ബെംഗളൂരുവിലെ ഹോട്ടൽ അസോസിയേഷനും മറ്റൊരു സ്വകാര്യകമ്പനിയും സമർപ്പിച്ച ഹർജികളെത്തുടർന്നാണ് വിജ്ഞാപനം ജസ്റ്റിസ് എം. ജ്യോതി താത്കാലികമായി തടഞ്ഞത്.
രാവിലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ, അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടിയുടെ ആവശ്യത്തെത്തുടർന്ന് ഉത്തരവ് പിൻവലിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റുകയും ചെയ്തു.
ഒരു നിയമത്തിന്റെയും പിൻബലമില്ലാതെയാണ് ആർത്തവാവധി നിർബന്ധമാക്കി സർക്കാർ വിജ്ഞാപനമിറക്കിയതെന്നായിരുന്നു ആർത്തവാവധിയെ എതിർക്കുന്ന ഹർജിക്കാരുടെ വാദം.
ഫാക്ടറീസ് നിയമം-1948, കർണാടക ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം-1961, പ്ലാന്റേഷൻ വർക്കേഴ്സ് നിയമം-1951 തുടങ്ങിയ നിയമപ്രകാരം പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലും ആർത്തവാവധി നൽകാൻ വകുപ്പില്ല. പ്രത്യേക നിയമനിർമാണം നടത്താതെ പുറപ്പെടുവിച്ച ഉത്തരവിന് നിയമസാധുതയില്ലെന്നും ഹോട്ടൽ അസോസിയേഷൻ വാദിച്ചു.
നവംബർ 20-നാണ് സംസ്ഥാനത്തെ എല്ലാ കമ്പനികളിലും സ്ഥാപനങ്ങളിലും വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരിക്കൽ ആർത്തവാവധി നിർബന്ധമാക്കിയത്.
മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാതെതന്നെ 18-നും 52-നും ഇടയിൽ പ്രായമുള്ള എല്ലാ വനിതാജീവനക്കാർക്കും അവധി അനുവദിക്കണമെന്നായിരുന്നു ഉത്തരവ്. സ്ഥിരം ജീവനക്കാർ, നേരിട്ടുള്ള കരാർ ജീവനക്കാർ, പുറംകരാർ ജീവനക്കാർ എന്നിങ്ങനെ എല്ലാ ജീവനക്കാർക്കും അവധിക്കർഹതയുണ്ടെന്നായിരുന്നു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എല്ലാസർക്കാർ വകുപ്പുകളിലും ആർത്തവാവധി നിർബന്ധമാക്കി കഴിഞ്ഞദിവസം മറ്റൊരുത്തരവുകൂടി പുറപ്പെടുവിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]