ബെംഗളൂരു : വകുപ്പുകൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, ഗതാഗതം കിട്ടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചു ദൾ മന്ത്രി സി.എസ്.പുട്ടരാജു രംഗത്ത്. മന്ത്രിസ്ഥാനം കിട്ടാത്തവരുടെ അസംതൃപ്തിക്കു പുറമെ, വകുപ്പു വിഭജനത്തിലും അസ്വാരസ്യം പുകയുന്നുവെന്നതിന്റെ സൂചനയായി ഇത്. പുട്ടരാജുവിനു ചെറുകിട ജലസേചനം നൽകിയപ്പോൾ ദളിലെ തന്നെ ഡി.സി.തമ്മണ്ണയ്ക്കാണു ഗതാഗത വകുപ്പ്. അതേസമയം, ധനം, ഊർജം, പൊതുമരാമത്ത്, ഗതാഗതം തുടങ്ങിയ പ്രധാന വകുപ്പുകൾ ദളിനു നൽകിയതിൽ കോൺഗ്രസ് അണികളിൽ നേരത്തെ തന്നെ അതൃപ്തിയുണ്ട്.
അസംതൃപ്തരെ വരുതിയിൽ നിർത്താൻ സിദ്ധരാമയ്യ സർക്കാർ അവസാന വർഷം മാത്രമാണു മന്ത്രിസഭാ സീറ്റുകൾ നികത്തിയത്. കോർപറേഷൻ, ബോർഡ് അധ്യക്ഷ സ്ഥാനങ്ങൾ എംഎൽഎമാർക്കും നൽകാം എന്നതും പദവികൾ ആഗ്രഹിക്കുന്നവരെ ഇണക്കി നിർത്താൻ അദ്ദേഹം സമർഥമായി ഉപയോഗിച്ചിരുന്നു. എം.ബി.പാട്ടീൽ, എച്ച്.കെ.പാട്ടീൽ, ഷാമന്നൂർ ശിവശങ്കരപ്പ സതീഷ് ജാർക്കിഹോളി തുടങ്ങിയവരാണ് ആദ്യഘട്ട മന്ത്രിസഭാ വികസനത്തിൽനിന്ന് ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ള കോൺഗ്രസ് നേതാക്കൾ.
മറ്റു മന്ത്രിമാരും വകുപ്പുകളും
∙ ആർ.വി.ദേശ്പാണ്ഡെ- റവന്യു, നൈപുണ്യ വികസനം.
∙ ബണ്ഡപ്പ കാശെംപുർ- സഹകരണം
∙ ജി.ടി.ദേവെഗൗഡ- ഉന്നതവിദ്യാഭ്യാസം.
∙ ഡി.സി.തമ്മണ്ണ- ഗതാഗതം
∙ കൃഷ്ണ ബൈരെ ഗൗഡ- ഗ്രാമവികസനം പഞ്ചായത്ത് രാജ്, നിയമ-പാർലമെന്ററി കാര്യം.
∙ എം.സി.മനഗുളി- ഹോർട്ടികൾചർ
∙ എൻ.എച്ച്.ശിവശങ്കര റെഡ്ഡി- കൃഷി
∙ എസ്.ആർ.ശ്രീനിവാസ്- ചെറുകിട വ്യവസായം.
∙ രമേഷ് ജാർക്കിഹോളി- മുനിസിപ്പാലിറ്റി- തദ്ദേശ സ്വയം ഭരണം, തുറമുഖ- ഉൾനാടൻ ഗതാഗതം
∙ വെങ്കട്ടറാവു നാടെഗൗഡ- മൃഗസംരക്ഷണം, ഫിഷറീസ്
∙ പ്രിയങ്ക് ഖർഗെ- സാമൂഹികക്ഷേമം
∙ സി.എസ്.പുട്ടരാജു- ചെറുകിട ജലസേചനം
∙ സി.മഹേഷ്- ടൂറിസം, സെറികൾചർ
∙ ബി.ഇസഡ് സമീർ അഹമ്മദ് ഖാൻ- ഭക്ഷ്യ പൊതുവിതരണം, ന്യുനപക്ഷക്ഷേമം, വഖഫ്
∙ എൻ.മഹേഷ്- പ്രാഥമിക വിദ്യാഭ്യാസം.
∙ ശിവാനന്ദ് പാട്ടീൽ- ആരോഗ്യ കുടുംബക്ഷേമം
∙ വെങ്കിടരമണപ്പ- തൊഴിൽ
∙ രാജശേഖർ ബി.പാട്ടീൽ- ഖനി, മുസ്റായ് (ദേവസ്വം)
∙ സി.പുട്ടരംഗ ഷെട്ടി – പിന്നാക്കക്ഷേമം
∙ ആർ.ശങ്കർ- വനം, പരിസ്ഥിതി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.