തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായക സ്വാധീന ശക്തിയാകുന്ന നരേന്ദ്രമോദിക്ക് കര്‍ണാടകയിലെ പ്രചാരണം എളുപ്പമായിരുന്നില്ല. മോദിയുടെ ഓരോ ആരോപണത്തിനും തൊട്ടടുത്ത നിമിഷം ശക്തമായ തിരിച്ചടി നല്കുന്ന മുഖ്യമന്ത്രിയെയാണ് മോദിക്കു നേരിടേണ്ടിവന്നത്. കര്‍ണാടക പിടിക്കാന്‍ മോദി കള്ളം പറയുകയാണെന്ന് സിദ്ധരാമയ്യ തുറന്നടിച്ചു. ജാതി വിഷയത്തില്‍ അതേ രീതിയില്‍ ബിജെപിക്ക് മറുപടി നല്കിയ സിദ്ധരാമയ്യ വര്‍ഗീയ ധ്രുവീകരണത്തെ തടയാന്‍ ശ്രമം നടത്തുകയും ചെയ്തു. ഒരു ഘട്ടത്തില്‍, താന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണെന്ന പ്രസ്താവനയുമിറക്കി. എന്നാല്‍ ബിജെപിയുടെ ജാതി കാര്‍ഡിനെ അതേ കാര്‍ഡില്‍ നേരിടാന്‍ ശ്രമിച്ചത് തിരിച്ചടിയായെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മാസം 30 കിലോ അരി നല്കുന്ന അന്നഭാഗ്യ പദ്ധതിയുടെ പ്രധാന ഉപയോക്താക്കൾ 39 ശതമാനം വരുന്ന ദളിത്, പിന്നാക്ക വിഭാഗങ്ങളായിരുന്നു. വികസന നേട്ടം ഈ വിഭാഗങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് ഈ വിഭാഗങ്ങളില്‍നിന്നുള്ള വോട്ടു ചോര്‍ച്ച വ്യക്തമാക്കുന്നു.
ജനസംഖ്യയില്‍ 17 ശതമാനമുള്ള ലിംഗായത്തുകളുടെ പിന്തുണ മുന്നില്‍ കണ്ടാണ് അവര്‍ക്ക് പ്രത്യേക മതപദവി നല്കാന് മുഖ്യമന്ത്രി സിദ്ധരാമയ്യ തയാറായത്. എന്നാല്‍ ഈ നീക്കം ദോഷം ചെയ്തെന്നാണ് ഫലം വ്യക്തമാക്കുന്നത്. ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള മുംബൈ- കര്‍ണാടക മേഖലയിലും ഹൈദരാബാദ് – കര്‍ണാടക മേഖലയിലും മധ്യ കര്‍ണാടകയിലും വലിയ നേട്ടമുണ്ടാക്കാന്‍ ബിജെപിക്കു കഴിഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള തീര മേഖലയിലും ബിജെപി നേട്ടമുണ്ടാക്കി. ലിംഗായത്തുകളെ കോണ്‍ഗ്രസ് നോട്ടമിട്ടതോടെ ബിജെപി ആ വിഭാഗത്തെയും മറ്റു മതവിഭാഗങ്ങളെയും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കി. കോണ്‍ഗ്രസ് ലിംഗായത്തുകളോട് അടുക്കുന്നുവെന്ന് പ്രതീതി ഉണ്ടായതോടെ മറ്റു വിഭാഗങ്ങള്‍ കോണ്‍ഗ്രസുമായി അകന്നു. വൊക്കലിംഗ വിഭാഗം സിദ്ധരാമയ്യയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചു. മൈസൂരു മേഖലയില്‍ പത്തു ശതമാനം വോട്ടുള്ള വൊക്കലിംഗ വിഭാഗത്തിന്റെ വോട്ടുകള്‍ ബിജെപി, ജെഡിഎസ് വിഭാഗങ്ങളിലായി ചിതറി. മൈസൂരു മേഖലയില്‍ 61 സീറ്റില്‍ 27 എണ്ണം നേടിയ കോണ്‍ഗ്രസിന് ആ വിജയം ആവര്‍ത്തിക്കാനായില്ല. കോണ്‍ഗ്രസിന് ലിംഗായത്ത് വോട്ടുകള്‍ കിട്ടിയില്ലെന്നുമാത്രമല്ല മറ്റു വിഭാഗങ്ങളില്‍നിന്ന് വലിയതോതില്‍ വോട്ടു ചേര്‍ച്ചയും ഉണ്ടായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.