ബെംഗളൂരു : അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ കർണാടകയിൽ ജെഡിഎസ്– കോൺഗ്രസ് സഖ്യം ഭരണത്തിലേക്ക്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ദളുമായി കൈകോർത്തു മുന്നോട്ടു പോകാൻ തീരുമാനിച്ചതായും സിദ്ധരാമയ്യ അറിയിച്ചു. കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ജനതാദൾ (എസ്) നു പിന്തുണ നൽകാൻ എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വരയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് ജെഡിഎസും കോൺഗ്രസും ചേർന്ന് ഗവർണർ വാജുഭായി വാലയെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. അതേസമയം, ദളിനെ വലയിലാക്കാൻ ബിജെപി പാളയത്തിലും ശ്രമം നടക്കുന്നുണ്ട്.
ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയും മകനും സംസ്ഥാനാധ്യക്ഷനുമായ കുമാരസ്വാമിയുമായി ഫോണിൽ ചർച്ച നടത്തിയതായി ഗുലാംനബി ആസാദ് പറഞ്ഞു. സഖ്യത്തിനു ഗൗഡകുടുംബം സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ജനതാദൾ (എസ്) കർണാടക അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിക്കു മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു സോണിയാ ഗാന്ധിയാണ് അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് തുടക്കമിട്ടത്. നൂറിലധികം സീറ്റുകൾ നേടിയിട്ടും ബിജെപിക്കു കേവല ഭൂരിപക്ഷം നേടാനാകാതെ വന്നതോടെയാണ് കോൺഗ്രസ്–ജെഡിഎസ് സഖ്യത്തിനു വഴിതുറന്നത്. ഇരു പാർട്ടികളും സഖ്യത്തിലായാൽ നിലവിലെ സാഹചര്യത്തിൽ സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. ദേവെഗൗഡയുടെ വീട്ടിൽ പാർട്ടിയുടെ മുതിർന്ന എംഎൽഎമാർ യോഗം ചേരുന്നുണ്ട്.
അതേസമയം, 2013 നേക്കാൾ മൂന്നിരട്ടിയിലധികം സീറ്റുകൾ നേടിയാണ് ബിജെപി കർണാടകയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. തന്ത്രങ്ങളെല്ലാം പിഴച്ച കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് തകർന്നടിഞ്ഞു. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണത്തേക്കാൾ അൻപതോളം സീറ്റുകളാണ് കോൺഗ്രസിന് കുറവുണ്ടായത്. ലീഡ് നില ഇങ്ങനെ:
ബിജെപി (104), കോൺഗ്രസ് (77), ജെഡിഎസ് (39), മറ്റുള്ളവർ (2). 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ തവണ വെറും 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.