ആലപ്പുഴയിൽ കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി ഉണ്ടായ അപകടം സിനിമ കാണാന്‍ പോയപ്പോള്‍; 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം രാവിലെ നടക്കും.

വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. പോസ്റ്റ് മോർട്ടത്തിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാകും സംസ്‌കാരം.

വൈറ്റിലയില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്. ബസിലെ നാലു യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണ് മരിച്ചത്.

പുതുക്കുറിച്ചി മരിയനാട് ഷൈന്‍ ലാന്‍ഡില്‍ ഡെന്റ്‌സണ്‍ പോസ്റ്റിന്റെ മകന്‍ ഷൈന്‍ ഡെന്റ്‌സണ്‍ (19), എടത്വാ സ്വദേശി കൊച്ചുമോന്‍ ജോര്‍ജിന്റെ മകന്‍ ആല്‍വിന്‍ ജോര്‍ജ് (19), ചേര്‍ത്തല മണപ്പുറം മണപ്പുറത്ത് വീട്ടില്‍ എം.കെ. ഉത്തമന്റെ മകന്‍ കൃഷ്ണദേവ് (19), എറണാകുളം കണ്ണന്‍കുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മിഭവനത്തില്‍ ആര്‍. ഹരിദാസിന്റെ മകന്‍ ഗൗരീശങ്കര്‍ (19), കൊല്ലം ചവറ പന്മന വെളുത്തേടത്ത് മക്കത്തില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ മുഹസ്സിന്‍ മുഹമ്മദ് (19), കൊല്ലം പോരുവഴി മുത്തുപിളക്കാട് കാര്‍ത്തിക വീട്ടില്‍ കെ.എസ്. മനുവിന്റെ മകന്‍ ആനന്ദ് മനു (19). ഇതില്‍ ഗൗരീശങ്കറിന്റെ നില ഗുരുതരമാണ്.

ആലപ്പുഴയില്‍ സിനിമ കാണാന്‍ പോയതായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. പരിക്കേറ്റ് ചികിത്സയിലുള്ള ഗൗരീശങ്കറാണ് കാര്‍ ഓടിച്ചിരുന്നത്.

അപകടം സംഭവിച്ച ടവേര കാറിലുണ്ടായിരുന്നത് 11 പേരാണ്. ബസിലേക്ക് ഇടിച്ചു കയറിയ കാര്‍ പൂര്‍ണമായും തകര്‍ന്നു.

തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. മൂന്നു പേര്‍ മരിച്ച നിലയിലായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രണ്ടു പേര്‍ മരിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി ബസിനു നേരേ വന്നു.

ഇതുകണ്ട് ഡ്രൈവര്‍ ഇടതുവശം ചേര്‍ത്ത് നിര്‍ത്തിയെങ്കിലും ബസിന്റെ മുന്‍വശത്ത് കാര്‍ ഇടിച്ചുകയറുകയായിരുന്നെന്ന് കെഎസ്ആര്‍ടിസി അധികൃതരുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us