യോഗയും തെറാപ്പികളും; ബെംഗളൂരുവിൽ മൂന്നുദിവസത്തെ സുഖചികിത്സയ്ക്ക് ശേഷം ചാൾസ് രാജാവും കാമിലയും മടങ്ങി

ബെംഗളൂരു : ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും പത്നി കാമിലയും ബെംഗളൂരുവിൽ മൂന്നുദിവസത്തെ സുഖചികിത്സയ്ക്കുശേഷം മടങ്ങി.

ബുധനാഴ്ച രാവിലെ ഏഴിന് കെംപെഗൗഡ അന്താരാഷ്ട്രാ വിമാനത്താവളത്തിൽനിന്ന് ബ്രിട്ടീഷ് എയർവെയ്‌സ് വിമാനത്തിലായിരുന്നു മടക്കം.

സുൽത്താൻബത്തേരി സ്വദേശി ഡോ. ഐസക് മത്തായിയുടെ ഉടമസ്ഥതയിലുള്ള വൈറ്റ്ഫീൽഡിലെ സൗഖ്യ ഇന്റർനാഷണൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്ററിലായിരുന്നു ചികിത്സ.

വിവിധതരം തെറാപ്പികൾക്കു പുറമെ രാവിലെ ഒരുമണിക്കൂർ യോഗയും ഉണ്ടായിരുന്നു.

കാമില ഒൻപതാംതവണയാണ് സൗഖ്യയിലെത്തുന്നത്. 2022-ൽ രാജാവായി സ്ഥാനമേറ്റശേഷം ചാൾസ് മൂന്നാമന്റെ ആദ്യസന്ദർശനമാണിത്.

നേരത്തേ ഒരുതവണ എത്തിയിരുന്നു. സമോവയിൽ നടന്ന കോമൺവെൽത്ത് ഹെഡ്‌സ് ഓഫ് ഗവൺമെന്റ്‌സ് യോഗത്തിന് ശേഷമാണ് ഇരുവരും ബെംഗളൂരുവിലെത്തിയത്.

സ്വകാര്യ സന്ദർശനമായിരുന്നതിനാൽ ഔദ്യോഗികസ്വീകരണമോ മറ്റു ചടങ്ങുകളോ ഉണ്ടായിരുന്നില്ല. സ്‌കോട്ട്‌ലൻഡ് യാർഡും കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥരുമാണ് സുരക്ഷയൊരുക്കിയത്. കാമില ഒരാഴ്ചമുൻപും സൗഖ്യയിലെത്തിയിരുന്നു.

എല്ലാത്തരം ചികിത്സാ രീതികളും സംയോജിപ്പിച്ചുകൊണ്ടുള്ള ആരോഗ്യ കാഴ്ചപ്പാടാണ് ചാൾസ് മൂന്നാമനുള്ളതെന്ന് സൗഖ്യ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ സ്ഥാപകനും മെഡിക്കൽ ഡയറക്ടറുമായ ഡോ. ഐസക് മത്തായി പറഞ്ഞു.

ഇദ്ദേഹമാണ് ചാൾസ് മൂന്നാമന് ലണ്ടനിൽ തുടർ ചികിത്സനൽകുന്നത്. ഉടൻ തന്നെ ഡോ. ഐസക് ലണ്ടനിലേക്ക് പോകും.

വൈറ്റ്ഫീൽഡിന് സമീപം സമെതനഹള്ളിയിലാണ് 30 ഏക്കർ സ്ഥലത്ത് സൗഖ്യ ഇന്റർനാഷണൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്നത്.

എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവരും ഇവിടെ ചികിത്സയ്ക്കെത്താറുണ്ട്. ആയുർവേദം, ഹോമിയോപ്പതി, നാച്ചുറോപ്പതി, യോഗ തുടങ്ങി എല്ലാതരം ചികിത്സയും ഇവിടെയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us