ബെംഗളൂരു: ഈ വർഷത്തെ കർണാടക രാജ്യോത്സവ അവാർഡ് സർക്കാർ പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ.എം. വീരപ്പ മൊയ്‍ലി, അയോധ്യ ക്ഷേത്രത്തിലേക്ക് രാം ലല്ല നിർമിച്ച ശില്‍പി അരുണ്‍ യോഗിരാജ് അടക്കം 69 പേർക്കാണ് വിവിധ മേഖലകളില്‍ ഇത്തവണ രാജ്യോത്സവ അവാർഡ്.
രാജ്യോത്സവ അവാർഡിന് പുറമെ, ഈ വർഷം സുവർണ കർണാടക അവാർഡും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബുധനാഴ്ച ബംഗളൂരുവില്‍ നടന്ന വാർത്തസമ്മേളനത്തില്‍ കന്നഡ സാംസ്കാരിക മന്ത്രി ശിവരാജ് തംഗദഗി അറിയിച്ചു.
വിവിധ മേഖലകളിലെ 50 പുരുഷന്മാർക്കും 50 വനിതകള്‍ക്കുമാണ് സുവർണ കർണാടക അവാർഡ് നല്‍കുന്നത്. സാഹിത്യ മേഖലയില്‍ മുൻ മന്ത്രി കൂടിയായ ബി.ടി. ലളിത നായ്ക്ക്, എം. വീരപ്പ മൊയ്‍ലി എന്നിവർക്കാണ് രാജ്യോത്സവ അവാർഡ്.
സിനിമ-ടെലിവിഷൻ മേഖലയില്‍ ഹേമ ചൗധരി, എം.എസ്. നരസിംഹ മൂർത്തി, യക്ഷഗാന വിഭാഗത്തില്‍ കേശവ ഹെഗ്ഡെ കൊളഗി, സീതാറാം തോല്‍പാടി, വ്യവസായ വിഭാഗത്തില്‍ പ്രസ്റ്റീജ് ഗ്രൂപ് ചെയർമാൻ ഇർഫാൻ റസാഖ്, പ്രവാസി വ്യവസായി ഡോ. തുംബെ മൊയ്തീൻ തുടങ്ങിയവരും ലിസ്റ്റില്‍ ഇടം പിടിച്ചു.
നവംബർ ഒന്നിന് നടക്കുന്ന കന്നഡ രാജ്യോത്സവ ചടങ്ങില്‍ അവാർഡുകള്‍ വിതരണം ചെയ്യും. നേരിട്ട് ലഭിച്ച 1575 അപേക്ഷകള്‍ക്ക് പുറമെ, സേവാസിന്ധു പോർട്ടല്‍ വഴി 7438 അപേക്ഷകളും രാജ്യോത്സവ അവാർഡിനായി ഇത്തവണ ലഭിച്ചിരുന്നു.
ഇതില്‍ നിന്ന് എല്ലാ ജില്ലകളെയും സാമൂഹിക തത്ത്വങ്ങളും പരിഗണിച്ചാണ് 69 പേരെ അന്തിമ പട്ടികയില്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയത്. ഇതില്‍ അപേക്ഷ നല്‍കാത്ത 20 പേരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവർ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് രാജ്യോത്സവ അവാർഡിന് തിരഞ്ഞെടുത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.