ബെംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈഡെക്ക് നിർമാണത്തിന് സ്ഥലം അന്തിമമാക്കിയതായി ബിബിഎംപി അറിയിച്ചു.
നൈസ് റോഡിനു സമീപമുള്ള ഹെമ്മിഗെപുരയിൽ സ്കൈഡെക്ക് നിർമ്മിക്കാനാണ് പദ്ധതി.
ബെംഗളൂരു നഗരത്തിൻറെ 360 ഡിഗ്രി കാഴ്ചനൽകുന്ന സ്കൈഡെക് പദ്ധതിക്ക് ഈ വർഷം ഓഗസ്റ്റിലാണ് മന്ത്രിസഭാ അംഗീകാരം ലഭിച്ചിരുന്നത്.
ഒന്നിലധികം സ്ഥലങ്ങൾ വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. തീരുമാനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് എതിർപ്പുകളും നിർദ്ദേശങ്ങളും ബിബിഎംപി ഉടൻ ക്ഷണിക്കും.
തുമകുരു, കനകപുര, മൈസൂരു, ഹൊസൂർ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള കണക്റ്റിവിറ്റിക്ക് വേണ്ടിയാണ് ഹെമ്മിഗെപുരയിലെ 25 ഏക്കർ സ്ഥലം പദ്ധതിക്കായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
73 മീറ്റർ ഉയരമുള്ള കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങ് ഉയരമുണ്ടാകും ബെംഗളൂരുവിലെ നിർമിതിക്ക്. ബെംഗളൂരുവിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന് കരുതപ്പെടുന്ന 160 മീറ്ററിലധികം ഉയരമുള്ള സിഎൻടിസി പ്രസിഡൻഷ്യൽ ടവറിനെക്കാൾ ഉയരത്തിലായിരിക്കും സ്കൈഡെക്ക്.
വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കുന്ന സ്കൈഡെക്കിനെ മെട്രോ റെയിലുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
ഓസ്ട്രിയന്‍ കമ്പനിയായ കൂപ് ഹിമ്മല്‍ബോവയാണ് കെട്ടിടത്തിന് വേണ്ടി രൂപകൽപ്പന തയ്യാറാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.