ദസറയുടെ പത്തു ദിവസങ്ങളിൽ മാത്രം ട്രെയിൻ യാത്രചെയ്തത് 9.2 ലക്ഷത്തോളം യാത്രക്കാർ

ബെംഗളൂരു : മൈസൂരു ദസറ സമയത്ത് തീവണ്ടി യാത്രക്കാരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടിയതായി റെയിൽവേ അധികൃതർ അറിയിച്ചു.

ദസറയുടെ പത്തു ദിവസങ്ങളിൽമാത്രം 9.2 ലക്ഷം യാത്രക്കാരാണ് മൈസൂരു സിറ്റി റെയിൽവേ സ്റ്റേഷൻ ഉപയോഗിച്ചത്.

ഉത്സവകാലത്ത് നഗരത്തിലെ മറ്റു സ്റ്റേഷനുകളിലും യാത്രക്കാരുടെ വൻതിരക്ക് അനുഭവപ്പെട്ടു. ഒക്ടോബർ മൂന്നു മുതൽ 14 വരെ മൈസൂരുവിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി പത്തു ലക്ഷത്തിലേറെ യാത്രക്കാർ സഞ്ചരിച്ചു.

വിജയദശമിദിനമായ 12-നാണ് കൂടുതൽ യാത്രക്കാരെത്തിയത്. അന്ന് 1.2 ലക്ഷം യാത്രക്കാർ മൈസൂരുവിലെ വിവിധസ്റ്റേഷനുകൾ ഉപയോഗിച്ചു.

യാത്രക്കാർ കൂടിയതോടെ വരുമാനത്തിലും വർധനവുണ്ടായി. ഉത്സവകാലത്ത് 7.37 കോടിരൂപയുടെ വരുമാനമാണ് ഉണ്ടായത്.

കഴിഞ്ഞവർഷം 8.2 ലക്ഷം യാത്രക്കാരിൽ നിന്ന് 6.54 കോടി രൂപയായിരുന്നു വരുമാനംലഭിച്ചതെന്നും മൈസൂരു ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ഗിരീഷ് ധർമരാജ് കളഗൊണ്ട പറഞ്ഞു.

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മൈസൂരു, അശോകപുരം, ചാമരാജപുരം, ശ്രീരംഗപട്ടണ, പാണ്ഡവപുര, ചാമരാജനഗർ സ്റ്റേഷനുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിരുന്നു.

23 ട്രാവലിങ് ടിക്കറ്റ് എക്സാമിനർമാരെയും 13 കൊമേഴ്‌സ്യൽ ജീവനക്കാരെയും 100 ആർ.പി.എഫ്. ഉദ്യോഗസ്ഥരെയും മൈസൂരു ഡിവിഷൻ നിയോഗിച്ചിരുന്നു.

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ സൗകര്യങ്ങൾ ക്രമീകരിച്ചിരുന്നുവെന്ന് മൈസൂരു ഡിവിഷൻ അവകാശപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us