ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് യാത്രക്കാരുടെ സമയനഷ്ടം മാത്രമല്ല വൻ സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നു.
ഐ.ടി. തലസ്ഥാനമെന്നറിയപ്പെടുന്ന നഗരത്തിൽ തീരാശാപമായ ഗതാഗതക്കുരുക്കുണ്ടാക്കുന്ന നഷ്ടം ഒരു വർഷം 20,000 കോടിയുടേതാണെന്നാണ് കണക്ക്. സംസ്ഥാന ഐ.ടി.-ബി.ടി. വകുപ്പുമന്ത്രി പ്രിയങ്ക് ഖാർഗെയാണ് ഇക്കാര്യം പറഞ്ഞത്.
അതിവേഗം വളരുന്ന എല്ലാ നഗരങ്ങളിലുമുള്ള പ്രതിഭാസമാണിതെന്നും സാമ്പത്തിക-വികസന രംഗത്ത് ഇത് ഗൗരവമായ ആഘാതമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ഐ.ടി. മേഖലയിലേതുൾപ്പെടെ വലിയ കമ്പനികളുള്ള നഗരത്തിൽ ഗതാഗതക്കുരുക്കിൽ പെട്ടുകിടക്കുന്ന ജീവനക്കാർക്കുണ്ടാകുന്ന സമയനഷ്ടത്തിന്റെ മൂല്യമുൾപ്പെടെയാണ് ഇത്രയും നഷ്ടമുണ്ടാകുന്നതായി കണക്കാക്കുന്നത്.
വാഹനങ്ങളുടെ ഇന്ധന നഷ്ടം ഇതിന്റെ പുറമെ വരും. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നാൾക്കുനാൾ വർധിച്ചുവരുന്നതായാണ് അനുഭവം.
നഗരത്തിലെ ജനപ്പെരുപ്പം വലിയ രീതിയിൽ വർധിക്കുന്നതിനൊപ്പം വാഹനപ്പെരുപ്പവും ശ്വാസം മുട്ടിക്കുന്നു. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന നഗരത്തിൽ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക് കണക്കില്ല.
വാഹനങ്ങളെ ഉൾക്കൊള്ളാനാവാത്ത റോഡുകളാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. സ്വന്തം വാഹനത്തിലോ ബസിലോ കയറി നിശ്ചിത സമയത്ത് ലക്ഷ്യ സ്ഥാനത്തെത്താൻ കഴിയാത്ത സ്ഥിതിയാണ് മിക്കപ്പോഴും. മെട്രോ പാതയാണ് നഗരയാത്രയ്ക്ക് ആശ്വാസം പകരുന്നത്.
എന്നാൽ , മെട്രോ പാത വളരെക്കുറച്ച് ഭാഗങ്ങളിലേക്ക് മാത്രമേ എത്തുന്നുള്ളൂ. കടുത്ത ഗതാഗതക്കുരുക്കനുഭവപ്പെടുന്ന സ്ഥലങ്ങളിൽ കൂടുതൽ മേൽപ്പാലങ്ങൾ നിർമിക്കണമെന്ന് യാത്രക്കാർ ആവശ്യമുയർത്തുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.