ഡൽഹി: തല മാറി, ഡൽഹി ഡെയർ ഡെവിൾസിന്റെ കളിയും. ടീമിന്റെ തുടർ പരാജയത്തെത്തുടർന്ന് ഗൗതം ഗംഭീർ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതിനുശേഷം നടന്ന ആദ്യ മത്സരത്തിൽ ഡെയർ ഡെവിൾസിന് ഉജ്വല ജയം.
കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 55 റൺസിനാണ് ഡൽഹി കീഴടക്കിയത്. ക്യാപ്റ്റനായി ചുമതലയേറ്റ ശ്രേയസ് അയ്യറുടെ ബാറ്റ് കൊടുങ്കാറ്റായി വീശിയപ്പോൾ ഡൽഹിയുടെ സ്കോർ ബോർഡിലേക്ക് റണ്‍സ് ഒഴുകിയെത്തി. 40 പന്തിൽ 10 സിക്സും മൂന്ന് ഫോറും അടക്കം 93 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ശ്രേയസ് അയ്യറുടെ കരുത്തിൽ ഡെയർ ഡെവിൾസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 219 റണ്‍സ് എടുത്തു. കോൽക്കത്തയുടെ മറുപടി 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 164ൽ അവസാനിച്ചു.
ഗൗതം ഗംഭീറിനെ കൂടാതെയാണ് ഡെയർ ഡെവിൾസ് ഇന്നലെ ഇറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഡെയർ ഡെവിൾസിനായി ഓപ്പണർമാരായ പ്രിഥ്വി ഷായും (44 പന്തിൽ 62 റണ്‍സ്) കോളിൻ മണ്‍റോയും (18 പന്തിൽ 33 റണ്‍സ്) മികച്ച തുടക്കമിട്ടു. ഋഷഭ് പന്ത് (പൂജ്യം) മാത്രമാണ് ഡൽഹി ഇന്നിംഗ്സിൽ പരാജയപ്പെട്ടത്. ഗ്ലെൻ മാക്സ് വെൽ 18 പന്തിൽ രണ്ട് സിക്സർ ഉൾപ്പെടെ 27 റണ്‍സ് എടുത്തു. മാക്സ്വെലും ശ്രേയസും ചേർന്ന് നാലാം വിക്കറ്റിൽ 73 റണ്‍സ് നേടി. മൂന്നാം വിക്കറ്റിൽ ഷായ്ക്കൊപ്പം ശ്രേയസ് അയ്യർ 68 റണ്‍സ് നേടിയിരുന്നു.
ഐപിഎൽ പോയിന്റ് നില
ടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്റ്
സൂപ്പർ കിംഗ്സ് 6 5 1 0 10
സൺ റൈസേഴ്സ് 7 5 2 0 10
കിംഗ്സ് ഇലവൻ 7 5 2 0 10
നൈറ്റ് റൈഡേഴ്സ് 7 3 4 0 6
രാജസ്ഥാൻ റോയൽസ് 6 3 3 0 6
റോയൽ ചലഞ്ചേഴ്സ് 6 2 4 0 4
ഡെയർ ഡെവിൾസ് 7 2 5 0 4
മുംബൈ ഇന്ത്യൻസ് 6 1 5 0 2