വാഷിംഗ്‌ടണ്‍: യുഎസിൽ വിദഗ്ധ ജോലികൾ ചെയ്യുന്നതിനായി ഇന്ത്യൻ ഐടി കമ്പനികൾക്കു ലഭിക്കുന്ന എച്ച്1ബി വിസകളിൽ 43% ഇടിവ്. ഇന്ത്യയിലെ ഏഴു പ്രമുഖ ഐടി കമ്പനികളുടെ വിസകളിലാണ് ഇടിവുണ്ടായത്.
ക്ലൗഡ് കംപ്യൂട്ടിങ്, നിർമിത ബുദ്ധി (എഐ) തുടങ്ങിയവ വ്യാപകമായതോടെ ജീവനക്കാർ കുറച്ചു മതിയെന്ന തീരുമാനമാണ് ഇടിവിനു കാരണമെന്നാണ് ‘നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി’ യുടെ റിപ്പോർട്ടിൽ പറയുന്നത്.
2015ൽ ഏഴ് ഇന്ത്യൻ കമ്പനികൾക്കായി 14,729 വിസകൾ ലഭിച്ചപ്പോൾ 2017ൽ ഇതേ കമ്പനികൾക്കു ലഭിച്ചത് 8468 വിസ മാത്രം. ഇതിൽ ടെക് മഹീന്ദ്രയ്ക്കു മാത്രമാണു കൂടുതൽ വിസ ലഭിച്ചത്. കുടിയേറ്റ നിയന്ത്രണം കർശനമാക്കുന്നതോടെ കൂടുതൽ ജോലികൾ യുഎസിനു പുറത്തേക്കു നീങ്ങുന്ന സ്ഥിതിയുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു.
2015ല്‍ ടിസിഎസിന് 4674 ഉം, ഇൻഫോസിസിന് 2830ഉം, വിപ്രോയ്ക്ക് 3079ഉം, ടെക് മഹീന്ദ്രക്ക് 1576ഉം വീതമാണ് വിസ ലഭിച്ചിരുന്നത്. ഇത് 2017ല്‍ യഥാക്രമം, 2312, 1218, 1210, 2233 എന്നായി കുറഞ്ഞു. അതേസമയം, എച്ച്1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് യുഎസിൽ ജോലിചെയ്യുന്നതു വിലക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തോടു ഫെയ്സ്ബുക് ഉൾപ്പെടെയുള്ള കമ്പനികൾ എതിർപ്പ് പ്രകടിപ്പിച്ചു. എച്ച്–4 വീസയുള്ളവർക്കു വർക് പെർമിറ്റ് നിഷേധിക്കാനാണു പുതിയ നീക്കം.
ആയിരക്കണക്കിനു ജോലിക്കാരെ ഒഴിവാക്കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഫെയ്സ്ബുക്, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവ ഉൾപ്പെടുന്ന സിലിക്കോൺ ആസ്ഥാന ഐടി കമ്പനിക്കൂട്ടായ്മ ‘എഫ്ഡബ്ല്യുഡി യുഎസ്’ ന്‍റെ മുന്നറിയിപ്പ്. പുതിയ നീക്കത്തിനെതിരെ അന്ന ഇഷൂ, രാജാ കൃഷ്ണമൂർത്തി ഉൾപ്പെടെയുള്ള യുഎസ് കോൺഗ്രസ് അംഗങ്ങളും രംഗത്തുവന്നിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.