ബംഗളുരു : അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കെട്ടി വലിച്ചു കൊണ്ടു പോകുന്ന സംവിധാനം (ടോയിങ്) വീണ്ടും തുടങ്ങാൻ ട്രാഫിക് പൊലീസ്.
നടപ്പാതകളിലും അനുമതിയില്ലാത്ത ഇടങ്ങളിലും പാർക്കിങ് വ്യാപകമായ 75 ജംക്‌ഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ടോയിങ് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
ആടുഗോഡി, മഡിവാള, മൈക്കോ ലേഔട്ട്, ഹുളിമാവു, ബലന്ദൂരു, എച്ച്എസ്ആർ ലേഔട്ട്, ഇലക്ട്രോണിക് സിറ്റി, ബസവനഗുഡി, ജയനഗർ, ബനശങ്കരി, കെഎസ് ലേഔട്ട്, തലഘട്ടപുര ട്രാഫിക് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാകും നടപ്പിലാക്കുക.
പൊതു ജനങ്ങളിൽ നിന്നുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ജംക്‌ഷനുകൾ തിരഞ്ഞെടുത്തത്.
അനധികൃത പാർക്കിങ് വ്യാപകമായ ഔട്ടർ റിങ് റോഡിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അപ്പാർട്മെന്റുകൾക്ക് മുന്നിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് എതിരെയും നടപടി കർശനമാക്കും.
പരീക്ഷണം വിജയകരമായാൽ നഗര വ്യാപകമായി ടോയിങ് പുനഃരാരംഭിക്കും. 2022 ഫെബ്രുവരിയിലാണ് വാഹനങ്ങൾ കെട്ടി വലിച്ചു കൊണ്ടു പോകുന്നത് ട്രാഫിക് പൊലീസ് നിർത്തിവച്ചത്.
പരക്കെ പരാതി ഉയർന്നതായിരുന്നു കാരണം. വാഹന ടയറുകൾ ചലിക്കാത്ത വിധം പൂട്ടാനുള്ള ലോക്ക് സംവിധാനമാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇതു കാര്യക്ഷമമല്ലെന്ന പരാതി ഉയരുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.