ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചയാൾക്ക് 10 വർഷം ജയിൽശിക്ഷ. പതിനാലുകാരിയെ സയിദ് മുസമ്മിലിൻ(28) എന്നയാൾ ബലമായി വിവാഹം കഴിച്ചതായി പതിനാറുകാരനായ സഹോദരൻ നൽകിയ പരാതിയെതുടർന്നാണു പ്രത്യേക കോടതി ജഡ്ജി വനമാല യാദവ് ശിക്ഷിച്ചത്. വിവാഹത്തിന് ഇടനില നിന്ന അഷ്റഫ് പാഷയ്ക്ക് 40 ദിവസത്തെ ജയിൽശിക്ഷയും വിധിച്ചു. 2015ൽ നൽകിയ പരാതിയിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ അനുസരിച്ചാണ് കേസെടുത്തത്.
പരാതി നൽകിയതു മുതൽ പെൺകുട്ടിയും സഹോദരനും കുടുംബാംഗങ്ങളും ഒളിവിലാണ്. ആദ്യ വിവാഹബന്ധം വേർപെടുത്തിയ മുസമ്മിലുമായി 2014ൽ നടന്ന വിവാഹം സഹോദരനിൽ നിന്നു രക്ഷിതാക്കൾ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഒരു വർഷം കഴിഞ്ഞ് ഇതേക്കുറിച്ചറിഞ്ഞപ്പോഴാണ് രക്ഷിതാക്കളെയും പ്രതിചേർത്ത് പൊലീസിൽ പരാതിപ്പെട്ടത്. രക്ഷിതാക്കൾ ഉൾപ്പെടെ കേസിലെ 10 പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.