ബെംഗളൂരു: നമ്മ മെട്രോ ജീവനക്കാർ 22മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സമരത്തെ നേരിടാനുള്ള നടപടികളുമായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് എതിരെ എസെൻഷ്യൽ സർവീസ് മെയിന്റനൻസ് ആക്ട് (എസ്മ) പ്രകാരം കേസെടുക്കുമെന്ന് ബിഎംആർസിഎൽ എംഡി മഹേന്ദ്ര ജെയിൻ പറഞ്ഞു. ജീവനക്കാർ സമരം പ്രഖ്യാപിച്ചെങ്കിലും മെട്രോ സർവീസ് തടസ്സം കൂടാതെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണു ബെംഗളൂരു മെട്രോ എംപ്ലോയീസ് യൂണിയൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഐഎൻടിയുസിയിൽ അഫിലിയേറ്റ് ചെയ്ത യൂണിയനിലെ ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് ഐഎൻടിയുസി ജനറൽ സെക്രട്ടറി ഡി.ലീലാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തൊഴിൽ നിയമങ്ങളെ കാറ്റിൽപറത്തിയാണ് മെട്രോയുടെ പ്രവർത്തനം. ഡൽഹി മെട്രോയിലും കൊച്ചി മെട്രോയിലും മികച്ച വേതനം നൽകുമ്പോൾ ഇതിന്റെ പകുതി പോലും ബെംഗളൂരു മെട്രോയിൽ നൽകുന്നില്ല. മെട്രോ ജീവനക്കാരുടെ സമരത്തെ പിന്തുണയ്ക്കുമെന്ന് എഐടിയുസി ബെംഗളൂരു ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി എം.ഡി ഹരിഗോവിന്ദൻ അറിയിച്ചു.
തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ബിഎംആർസിഎൽ വിളിച്ച യോഗം കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ മെട്രോ ജീവനക്കാരെ കർണാടക പൊലീസ് സേനാംഗങ്ങൾ മർദിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. എട്ട് മണിക്കൂറോളം മെട്രോ സർവീസ് മുടങ്ങിയിരുന്നു. അന്നു ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ ഇതുവരെ പരിഹരിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരം പ്രഖ്യാപിച്ചതെന്നു ബിഎംആർസിഎൽ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ടി.ആർ.ഉദയ് പറഞ്ഞു.