ബെംഗളൂരു: സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മലയാളിയായ ജെഫിൻ. “ചിട്ടയായ പഠനവും ലക്ഷ്യബോധവുമാണ് വിജയത്തിനുപിന്നിൽ. രണ്ടുവർഷത്തോളം സാമൂഹിക മാധ്യമങ്ങളിൽ നിന്നുപോലും വിട്ടുനിന്ന് പഠനത്തിനുവേണ്ടി സമയം കണ്ടെത്തി. ഒപ്പം രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയും ഏറെ സഹായകമായി” ജെഫിൻ പറയുന്നു.
ജി.ഇ. ഹെൽത്ത് കെയർ ഉദ്യോഗസ്ഥൻ എറണാകുളം തൃപ്പൂണിത്തുറ കറുകപ്പള്ളിയിൽ ബിജു ജോസഫിന്റെയും മാള വടക്കൻ കുടുംബാംഗമായ ഡിംപിളിന്റെയും ഇളയമകനാണ് ജെഫിൻ. ബെംഗളൂരു മാറത്തഹള്ളിയിലെ ശ്രീ ചൈതന്യ ടെക്നോ സ്കൂളിലെ വിദ്യാർഥിയാണ്.
ഐ.ഐ.ടി. മദ്രാസിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടി വിദേശത്ത് ഉന്നതപഠനം നടത്തണമെന്നാണ് ജെഫിൻ ബിജുവിന്റെ ആഗ്രഹം. 500-ൽ 493 മാർക്കാണ് ജെഫിൻ ബിജു നേടിയത് ബെംഗളൂരു സ്വദേശിയായ അനന്യ ആർ. ബുർലിക്കൊപ്പമാണ് ജെഫിൻ ഒന്നാം റാങ്ക് പങ്കിട്ടത്.
പത്തുവർഷം മുമ്പാണ് ജെഫിന്റെ കുടുംബം ബെംഗളൂരുവിലെ മുരുഗേഷ് പാളയയിൽ താമസമാക്കിയത്. എൻജിനീയറിങ് കോളേജിൽ അധ്യാപികയായിരുന്ന അമ്മ ഡിംപിൾ മക്കളുടെ പഠനത്തെ മുൻനിർത്തി ജോലി ഉപേക്ഷിച്ചു. ആ ത്യാഗം വെറുതെയല്ലെന്ന് ജെഫിനും ജെഫിന്റെ മുതിർന്ന സഹോദരൻ എമിലും തെളിയിച്ചു. മദ്രാസ് ഐ.ഐ.ടി.യിലെ രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് എമിൽ.
സാമൂഹികമാധ്യമങ്ങളിൽ സമയം ചെലവിടാത്തതിനാൽ സമയം കുറവെന്ന പരാതി ഒരിക്കലും ജെഫിനുണ്ടായിരുന്നില്ല. ദിവസം എട്ടുമണിക്കൂറോളം പഠനത്തിനുവേണ്ടി ജെഫിൻ മാറ്റിവെച്ചിരുന്നെന്ന് രക്ഷിതാക്കൾ പറയുന്നു. ക്രിക്കറ്റിനെയും ഫുട്ബോളിനെയും സ്നേഹിച്ചിരുന്ന ജെഫിൻ ഇടവേളകളിൽ അരമണിക്കൂറോളം ഫുട്ബോൾ കളിക്കാനും മാറ്റിവെക്കും.
അഖിലേന്ത്യാതലത്തിൽ ജെ.ഇ.ഇ.-യിൽ 335 റാങ്കും ജെഫിൻ നേടിയിട്ടുണ്ട്. 12-ാംക്ലാസ് പരീക്ഷയ്ക്കൊപ്പംതന്നെ ജെ.ഇ.ഇ. -യ്ക്ക് തയ്യാറെടുത്തതും പരീക്ഷ ഏറെ എളുപ്പമാക്കിയെന്ന് ജെഫിൻ പറയുന്നു. കണക്കിനും കംപ്യൂട്ടർ സയൻസിനും മുഴുവൻ മാർക്കും ഫിസിക്സിനും കെമിസ്ട്രിക്കും 99 മാർക്കും ജെഫിൻ നേടി. 27-ന് ജെ.ഇ.ഇ. അഡ്വാൻസ്ഡ് എഴുതാനുള്ള ഒരുക്കത്തിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.