മലപ്പുറം: കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശിയുടെ ശരീരം മര്‍ദ്ദനത്തില്‍ ചതഞ്ഞരഞ്ഞു. രണ്ടു മണിക്കൂര്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനുപയോഗിച്ച മരക്കൊമ്പും പൈപ്പും കണ്ടെടുത്തു. കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശിയായ രാജേഷ് മാഞ്ചി ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ എട്ടംഗ സംഘം രാജേഷിനെ രണ്ടു മണിക്കൂറോളം കെട്ടിയിട്ട് മര്‍ദ്ദിച്ചതായും ശരീരം മുഴുവന്‍ ചതഞ്ഞരഞ്ഞ് ആന്തരികാവയവങ്ങള്‍ക്കും ക്ഷതം സംഭവിച്ചതായും പൊലീസ് വ്യക്തമാക്കുന്നു. അനക്കമില്ലാതായതോടൈ റോഡരികില്‍ ഉപേക്ഷിച്ച് മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. കൈകള്‍ പിന്നില്‍ കെട്ടാനുപയോഗിച്ച കയറും മര്‍ദ്ദനത്തിനുപയോഗിച്ച മരക്കൊമ്പും പ്ലാസ്റ്റിക് പൈപ്പും കണ്ടെടുത്തിട്ടുണ്ട്.
പ്രതികളിലൊരാളായ മുഹമ്മദ് അഫ്‌സലിന്റെ വീടിനു മുന്നില്‍വച്ചാണ് രാജേഷ് മാഞ്ചിയെ കണ്ടതെന്നു പ്രതികള്‍ പറയുന്നു. വീടിനു മുകളില്‍നിന്ന് വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ എട്ടു പേരും ചേര്‍ന്ന് രണ്ടുമണിക്കൂറിലേറെ ആക്രമിച്ചെന്നാണ് പറയുന്നത്. എന്നാല്‍, ഈ വീഴ്ചയുടെ കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. രാജേഷ് മാഞ്ചി ധരിച്ച ബനിയന്‍ തെളിവെടുപ്പിനിടെ സംഭവസ്ഥലത്തുനിന്നു പൊലീസ് കണ്ടെടുത്തു. പിടിയിലായവരില്‍ മുഹമ്മദ് അഫ്‌സല്‍, ഫാസില്‍, ഷറഫുദ്ദീന്‍, അബ്ദുല്‍ സമദ്, ഹമീദ് എന്നിവരെ കഴിഞ്ഞ ദിവസവും ഒമ്പതാം പ്രതി സൈനുല്‍ ആബിദിനെ തിങ്കളാഴ്ചയും തെളിവെടുപ്പിന് എത്തിച്ചു.
സൈനുലാബ്ദീന്‍ രാജേഷിനെ മര്‍ദിച്ച കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, രാജേഷിനെ അടിച്ച് അവശനാക്കി കൊണ്ടിരുത്തിയ സ്ഥലത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവി എടുത്തുമാറ്റി എന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. ഡിവി ഇയാള്‍ വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചുവെന്നും പോലീസ് പറയുന്നു. ഇയാളുടെ വീട്ടില്‍ നിന്നാണ് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവി പോലീസ്‌കണ്ടെടുത്തത്.
രാജേഷ് മഞ്ചി വെള്ളിയാഴ്ച മാത്രമാണ് ജോലിയെടുത്തതെന്നും ഇയാളെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നുമാണ് രാജേഷ് ജോലിചെയ്ത ഗോഡൗണ്‍ ജീവനക്കാരന്‍ പ്രതികരിച്ചത്. രാജേഷ് മാഞ്ചിയെ ചോദ്യം ചെയ്യാനായി പ്രതികള്‍ സമീപത്ത് താമസിക്കുന്ന മറ്റൊരു അതിഥിത്തൊഴിലാളിയുടെ സഹായം തേടിയിരുന്നു. ആക്രമണ സമയത്ത് ഇയാള്‍ സ്ഥലത്തുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ഇയാളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.