ചെന്നൈ: നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിൽ ഒരു കണ്ണട ധരിച്ചാല്‍ ആളുകളെ നഗ്നരായി കാണാമെന്ന് പറഞ്ഞ് നദിയ മൊയ്തു മോഹന്‍ലാലിനെ ചുറ്റിച്ച ആ കൂളിങ് ഗ്ലാസ് ഓര്‍മയില്ലെ..? വിദേശത്തു നിന്നും കൊണ്ടുവന്ന കോസ്‌മോഫ്രിന്‍ എന്ന ആ പ്രത്യേക കണ്ണടയെ പറ്റി ഉള്ള ഡയലോഗ് ഓർക്കാത്തതായി ആരും കാണുകയില്ല. ഇത് വായിക്കുമ്പോൾ ആ ചിത്രത്തിലെ രംഗവും കണ്ണടയും ആകും ആദ്യം മനസിലേക്ക് ഓടിവന്നത് ഉണ്ടാവുക. എന്നാലിപ്പോൾ അങ്ങനെ ഒരു കണ്ണടയുടെ പേരിൽ വഞ്ചിതരായിരിക്കുകയാണ് നിരവധി പേർ.
അത്തരം കണ്ണടകളുടെ പേരില്‍ തട്ടിപ്പ് നടത്തിയ നാല് പേര്‍ കഴിഞ്ഞ ദിവസം തമിഴ് നാട്ടില്‍ പിടിയിലായിരിക്കുകയാണ്. ചെന്നൈ കോടമ്പാക്കത്താണ് സംഭവം. ബെംഗളൂരുവിൽ നിന്നുള്ള ആർ. സൂര്യ (39) എന്ന വ്യവസായിയാണ് സംഘത്തിന്റെ മുഖ്യ സൂത്രധാരൻ. ഇയാളുടെ കൂട്ടാളികളായ കേരളത്തിൽ നിന്നുള്ള ഗുബാബീബ് (37), ജിത്തു ജയൻ (24), എസ്. ഇർഷാദ് (21) എന്നിവരെയും ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ ഇതിന് ഇരകൾ ആയത്തോ സമ്പന്നരായ വ്യവസായികളും. ഒരു കോടി രൂപയോളമാണ് കണ്ണടയ്ക്കായി പ്രതികൾ ഇരകളിൽ നിന്നും ഈടാക്കിയിരുന്നത്. രഹസ്യ സ്ഥലങ്ങളിൽ ഇരകളോട് വരാൻ ആവശ്യപ്പെട്ട ശേഷം കണ്ണട പരീക്ഷിക്കാൻ ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. പുരാവസ്തുക്കൾ വിൽക്കാമെന്ന് വാഗ്ദാനം നൽകി സൂര്യ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന ചെന്നൈയിലെ ഒരു വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചത്. സൂര്യ നഗരത്തിലുണ്ടെന്നറിഞ്ഞതോടെ പണം തിരികെ വാങ്ങാൻ പോയെന്നും എന്നാൽ, പ്രതിയും സഹായികളും വ്യാജ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും വ്യാപാരി പോലീസിനോട് പറഞ്ഞിരുന്നു. ഈ അന്വേഷണത്തിലാണ് പ്രതികൾ വ്യാജ കണ്ണടകൾ വിൽക്കുന്ന കാര്യം പോലീസ് മനസിലാക്കിയത്.
കണ്ണട എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ വീഡിയോകൾ പ്രതികൾ ഉപഭോക്താക്കളെ കാണിക്കുകയും പിന്നീട് കണ്ണട വാങ്ങാൻ രഹസ്യ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്യും. തുടർന്ന് രഹസ്യസങ്കേതത്തിലെ ഇരുട്ടുമുറിയിൽ നഗ്നത പ്രദർശിപ്പിക്കാൻ പണം നൽകിയ മോഡലുകളെ സംഘം ഏർപ്പാടാക്കിയിരുന്നു. ഇതുവരെ പ്രതികൾ ഇത്തരത്തിലുള്ള മൂന്ന് കണ്ണടകളാണ് വിറ്റതെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.