ബെംഗളൂരു: 5 ജില്ലാനന്തര റൂട്ടുകളിലേക്ക് കൂടി കർണാടകം ആർ.ടി.സി.യുടെ ഇലക്ട്രിക്ക് ബസ് സർവീസ് ആരംഭിക്കുന്നു. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള സർവീസ് വിജയകരമായതോടെയാണ് ഈ തീരുമാനം. വിരാജ്‌പേട്ട, മടിക്കേരി, ചിക്കമഗളൂരു, ശിവമോഗ, ദാവൻഗെരെ എന്നിവിടങ്ങളിലേക്ക് ആണ് വരുംദിവസങ്ങളിൽ സർവീസ് തുടങ്ങാൻ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
ഇതിനു മുന്നോടിയായി 25 വൈദ്യുതബസുകൾ കർണാടക ആർടിസി സ്വകാര്യ കമ്പനിയിൽ നിന്ന് വാടകയ്ക്കെടുത്തു. ഇന്നലെ വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു. ഇ.വി. പവർ പ്ലസ് എന്ന പേരിലാണ് ഈ ബസുകൾ അറിയപ്പെടുക. നിലവിൽ ബെംഗളൂരു- മൈസൂരു റൂട്ടിൽ സർവീസ് നടത്തുന്ന വൈദ്യുതബസുകൾ ലാഭകരമാണെന്ന് കണക്കുകൾ തെളിയിച്ചിട്ടുണ്ടെന്ന് ആർടിസി അധികൃതർ വ്യക്തമാക്കി.
ആധുനികസൗകര്യങ്ങളും മികച്ച യാത്രാസുഖവുമുള്ളതിനാൽ വൈദ്യുത ബസിൽമാത്രം യാത്രചെയ്യുന്നവരുമുണ്ട്. മറ്റ് എസി ബസുകളേക്കാൾ ഇവയുടെ ടിക്കറ്റ് നിരക്കും താരതമ്യേന കുറവാണ്. നിലവിൽ ബെംഗളൂരു മുതൽ മൈസൂരു വരെ 300 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ബസുകൾക്ക് കഴിയും. പുതുതായി സർവീസ് തുടങ്ങുന്ന നഗരങ്ങളിലേക്ക് ബെംഗളൂരുവിൽ നിന്ന് 240 മുതൽ 270 കിലോമീറ്റർ വരെയാണ് പരമാവധി ദൂരം. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും പുതുതായി സർവീസ് തുടങ്ങുന്ന നഗരങ്ങളിലും ബസുകൾ ചാർജ് ചെയ്യാൻ പ്രത്യേക സംവിധാനവുമൊരുക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.