ബെംഗളൂരു : കർണാടക നിയമസഭാതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട നടപടികളെക്കുറിച്ച് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ കെ.വി. രാജേന്ദ്ര വയനാട് കളക്ടർ എ. ഗീതയുമായി ചർച്ച നടത്തി. വയനാട്ടിൽനിന്ന് മൈസൂരുവിലേക്കും തിരിച്ചുമുള്ള എല്ലാ വാഹനങ്ങളും 24 മണിക്കൂറും പരിശോധിക്കണമെന്നാണ് ചർച്ചയിൽ ഉയർന്ന പ്രധാനാവശ്യം വയനാട്ടിലെ പോലീസ്, എക്സൈസ്, ആദായനികുതിവകുപ്പ് എന്നിവയുടെ സഹകരണം ഉണ്ടാകണമെന്ന് ഓൺലൈനായി നടന്ന ചർച്ചയിൽ മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ അഭ്യർഥിച്ചു.
തിരഞ്ഞെടുപ്പു വേളയിൽ കർണാടകത്തിലേക്ക് പണം, മദ്യം, മറ്റു സാമഗ്രികൾ എന്നിവയെത്തുന്നത് തടയാൻ മൈസൂരു-വയനാട് അതിർത്തിയിൽ പുതിയ ചെക്പോസ്റ്റുകൾ സ്ഥാപിക്കും. ഇവയുടെ മേൽനോട്ടത്തിനായി മൈസൂരു ജില്ലാ ഭരണകൂടം നോഡൽ ഓഫീസർമാരെ നിയമിക്കും. പോലീസ്, എക്സൈസ്, ആദായനികുതിവകുപ്പ് എന്നിവർ നടത്തുന്ന പരിശോധനയ്ക്ക് നോഡൽ ഓഫീസർമാർ മേൽനോട്ടം വഹിക്കും. ഈ ഓഫീസർമാരെ നിയമിക്കാൻ വയനാട് കളക്ടറോടും മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ അഭ്യർഥിച്ചു.
മൈസൂരു-വയനാട് അതിർത്തിയിലെ പ്രധാന പാതയാണ് എച്ച്.ഡി. കോട്ട ബാവലി റോഡ്. കേരള, കർണാടക ആർ.ടി.സി. ബസുകളുൾപ്പെടെ പ്രതിദിനം നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.തിരഞ്ഞെടുപ്പു വേളയിൽ ബസുകൾ വഴിയും പണം കടത്താൻ സാധ്യതയുള്ളതിനാൽ വിട്ടുവീഴ്ചയില്ലാത്ത പരിശോധന നടത്താനാണ് തീരുമാനം. മൈസൂരു-വയനാട് അതിർത്തിയിൽ ജാഗ്രതയും ശക്തമാക്കി. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ മുന്നറിയിപ്പ് നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.