ന്യൂഡൽഹി: രാജ്യത്തെ എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകളെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് പരീക്ഷയുമായി സംയോജിപ്പിക്കാനുള്ള നിർദ്ദേശത്തിന് യുജിസി അംഗീകാരം നൽകിയേക്കും. ഇത് നടപ്പാക്കുന്നതോടെ, 3 പ്രവേശന പരീക്ഷകളിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് ഹാജരാകുന്നതിനു പകരം, വിദ്യാർത്ഥികൾക്ക് ഒരു തവണ പരീക്ഷ എഴുതാനും പഠനത്തിന്‍റെ വിവിധ മേഖലകളിലേക്ക് യോഗ്യത നേടാനും കഴിയുമെന്നു യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ പറഞ്ഞു.
ഇപ്പോള്‍ ഇതൊരു നിർദേശം മാത്രമാണെന്നും വിവിധ വകുപ്പുകളുമായി ചർച്ച ചെയ്തതിനു ശേഷം ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അധികൃതർ അറിയിച്ചു.
“നമ്മുടെ വിദ്യാർത്ഥികൾ ഒരേ വിജ്ഞാന അടിത്തറയെ അടിസ്ഥാനമാക്കിയുള്ള ഒന്നിലധികം പ്രവേശന പരീക്ഷകൾക്ക് വിധേയരാകാതിരിക്കാൻ ഈ പ്രവേശന പരീക്ഷകളെല്ലാം സമന്വയിപ്പിക്കാമോ എന്നതാണ് നിർദ്ദേശം. അതായത്, വിദ്യാർത്ഥികൾക്ക് ഒരൊറ്റ പ്രവേശന പരീക്ഷ എന്ന ആശയം. തങ്ങൾക്കു താത്പര്യമുള്ള വിഷയങ്ങളിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്കു മുൻപിൽ ധാരാളം അവസരങ്ങളും ഉണ്ടാകും” ജഗദേഷ് കുമാർ പറഞ്ഞു.
നിലവിൽ രാജ്യത്ത് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ), മെഡിക്കൽ എൻട്രൻസ്, സിയുഇടി-യുജി എന്നീ മൂന്ന് പ്രവേശന പരീക്ഷകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ പരീക്ഷകൾ എല്ലാവർഷവും 43 ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതുന്നുണ്ട്. ഇതിലെ രണ്ട് പരീക്ഷയെങ്കിലും ഭൂരിപക്ഷം വിദ്യാർത്ഥികളും എഴുതാറുണ്ട്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളാണ് ജെഇഇ മെയിൻ പരീക്ഷയിലുള്ളതെങ്കില്‍ നീറ്റ്-യുജിയിൽ കണക്കിനു പകരം ബയോളജിയാണ് ഉള്ളത്. സിയുഇടി പരീക്ഷയില്‍ ഈ വിഷയങ്ങളെല്ലാം തന്നെയുമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.