ബെംഗളൂരു : റിപ്പബ്ലിക് ദിന അവധിക്കു തിരക്കേറിയതോടെ കർണാടക ആർടിസി കേരളത്തിലേക്കു 11 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. 25നു ബെംഗളൂരുവിൽനിന്നു കോട്ടയം (2), എറണാകുളം (2), മൂന്നാർ (1), തൃശൂർ (2), പാലക്കാട് (2), കോഴിക്കോട് (2) എന്നിവിടങ്ങളിലേക്കുള്ള സ്പെഷലുകളിലെ ബുക്കിങ് ആണ് തുടങ്ങിയത്. ഇവയിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചു വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷലുകൾ പ്രഖ്യാപിക്കും. കണ്ണൂർ, കാസർകോട് ഭാഗങ്ങളിലേക്കും കർണാടക സ്പെഷലുകൾ ഉണ്ടാകും.
ക്രിസ്മസ് അവധിക്കു സ്പെഷൽ ബസുകളിൽ 2000 രൂപ വരെ ടിക്കറ്റ് ചാർജ് ഈടാക്കിയ കർണാടക ആർടിസി ഇത്തവണ 400 രൂപയോളം കുറച്ചിട്ടുണ്ട്. കേരള ആർടിസിയുടെ റിപ്പബ്ലിക് ദിന സ്പെഷലുകൾ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ, ബത്തേരി എന്നിവിടങ്ങളിലേക്കെല്ലാം സ്പെഷൽ പ്രതീക്ഷിക്കുന്നുണ്ട്. കൊട്ടാരക്കരയിലേക്കുള്ള എസി സർവീസും 26നു മുൻപു തുടങ്ങും.
റിപ്പബ്ലിക് ദിനം വെള്ളിയാഴ്ച ആയതിനാൽ മൂന്നുദിവസത്തെ അവധി കണക്കാക്കിയാണു ബെംഗളൂരു മലയാളികൾ 25നു നാട്ടിലേക്കു പുറപ്പെടുക. ഈ ദിവസം ബെംഗളൂരുവിൽനിന്നു കേരളത്തിലേക്ക് എട്ട് ട്രെയിൻ ഉണ്ടെങ്കിലും ഇവയിലാകെ 2244 പേർ വെയ്റ്റ്ലിസ്റ്റിലുണ്ട്. രാവിലെ പുറപ്പെടുന്ന എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ മാത്രമേ ടിക്കറ്റ് ശേഷിക്കുന്നുള്ളൂ. രാത്രി പുറപ്പെടുന്ന നാലു ട്രെയിനുകളിൽ എല്ലാ ക്ലാസുകളിലെയും റിസർവേഷൻ അവസാനിക്കുകയും ചെയ്തു. 57):–3എസി വെയ്റ്റിങ് 251