ബെംഗളൂരു : ബാനസവാടിയിലേക്കു മാറ്റിയ രണ്ട് എറണാകുളം പ്രതിവാര ട്രെയിനുകൾക്കു 45 ദിവസത്തിനകം ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാമെന്നു റെയിൽവേയുടെ ഉറപ്പ്. കർണാടക കേരള ട്രാവലേഴ്സ് ഫോറം(കെകെടിഎഫ്) പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ദക്ഷിണ പശ്ചിമ റെയിൽവേ സീനിയർ ഡിവിഷനൽ ഓപ്പറേഷനൽ മാനേജർ കെ.വി.ഗോപിനാഥ്, ഡിവിഷനൽ റെയിൽവേ മാനേജർ ആർ.എസ്.സക്സേന എന്നിവരാണ് ബെംഗളൂരു മലയാളികളുടെ യാത്രാ പ്രശ്നങ്ങളോട് അനുഭാവപൂർണമായി പ്രതികരിച്ചത്.
എറണാകുളത്തു നിന്നുള്ള രണ്ട് പ്രതിവാര ട്രെയിനുകളാണ്(22607–08, 12683–84) കഴിഞ്ഞ ദിവസം മുതൽ ബാനസവാടി സ്റ്റേഷനിലേക്കു മാറ്റിയത്. ബാനസവാടിയിലേക്കു ട്രെയിൻ മാറ്റിയതിനെ തുടർന്നുള്ള ദുരിതങ്ങൾ ഇന്നലെ ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ എ.കെ.ഗുപ്തയുമായി എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി.വേണുഗോപാൽ ചർച്ച ചെയ്തു.
ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള നീക്കങ്ങൾ നടക്കുകയാണെന്നും ഇതുടൻ സാധ്യമാകുമെന്നും എ.കെ. ഗുപ്ത എംപിക്ക് ഉറപ്പുനൽകി. ഈ ട്രെയിനുകൾ മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷനിലേക്കു തിരിച്ചെത്തിക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോയെന്ന കാര്യം പുനഃപരിശോധിക്കുമെന്നും ഗുപ്ത അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയലിന് ഇതു സംബന്ധിച്ച് നിവേദനം സമർപ്പിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
നമ്മ മെട്രോ ഉൾപ്പെടെ അനുബന്ധ ഗതാഗത സൗകര്യങ്ങളുള്ള ബയ്യപ്പനഹള്ളി സ്റ്റേഷനിൽ പ്ലാറ്റ്ഫോമിനു നീളം കുറവാണെന്നതാണ് ദീർഘദൂര ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കാൻ പ്രധാന തടസ്സമെന്നു ഡിആർഎം കെകെടിഎഫ് പ്രതിനിധികളെ അറിയിച്ചു. നിലവിൽ 14 ബോഗികൾ സ്വീകരിക്കാനുള്ള നീളമേ പ്ലാറ്റ്ഫോമിനുള്ളു. പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന ജോലി നടന്നുകൊണ്ടിരിക്കുകയാണ്. ഇതു പൂർത്തിയായാലുടൻ എറണാകുളം–ബാനസവാടി ട്രെയിനിന് ഇവിടെ സ്റ്റോപ്പ് അനുവദിക്കും. മാത്രമല്ല, ഓല, ഊബർ വെബ്ടാക്സികൾക്ക് സ്റ്റേഷനുള്ളിൽനിന്നു സർവീസ് നടത്താനും സൗകര്യമൊരുക്കും. ഇവിടത്തെ പ്രീ–പെയ്ഡ് ഓട്ടോറിക്ഷ കൗണ്ടറുകളും കാര്യക്ഷമമാക്കും.
ബയ്യപ്പനഹള്ളിക്കും കെആർപുരത്തിനും ഇടയ്ക്ക് ഒട്ടേറെ സൗകര്യങ്ങളുള്ള വലിയ ടെർമിനലിന്റെ നിർമാണം ഒന്നര വർഷത്തിനകം പൂർത്തിയാകും. ഇതോടെ ചില ട്രെയിനുകൾ ഇവിടെ എത്തുംവിധവും സമയം ക്രമീകരിക്കും. അതേസമയം ബാനസവാടിയിലേക്കു മാറ്റിയ എറണാകുളം ട്രെയിൻ ബെംഗളൂരു വഴി മൈസൂരുവിലേക്കു നീട്ടാൻ സാധ്യത കുറവാണെന്നു ഡിആർഎം അറിയിച്ചു. മൈസൂരു സ്റ്റേഷനിലും പുതിയ ട്രെയിൻ സ്വീകരിക്കാൻ പ്ലാറ്റ്ഫോം സൗകര്യമില്ലെന്നതാണ് കാരണം.
കൊച്ചുവേളിയിൽ നിന്നു ബെംഗളൂരു വഴി മൈസൂരുവിലേക്കുള്ള പുതിയ ട്രെയിൻ ഞായർ, വ്യാഴം ദിവസങ്ങളിൽ നാട്ടിൽനിന്നും തിങ്കൾ, വെള്ളി ദിവസങ്ങളിൽ മൈസൂരുവിൽനിന്നും പുറപ്പെടുംവിധം സർവീസ് നടത്തണമെന്നും കെകെടിഎഫ് ആവശ്യപ്പെട്ടു. നാട്ടിൽ നിന്നുള്ള ട്രെയിൻ പുലർച്ചെ നാലിനു ബെംഗളൂരുവിലും ഏഴിനു മൈസൂരുവിലും എത്തുംവിധം സമയം ക്രമീകരിക്കണം. മടക്ക സർവീസ് വൈകിട്ട് നാലിനു മൈസൂരുവിൽനിന്നു പുറപ്പെട്ട് ഏഴു മണിയോടെ ബെംഗളൂരുവിൽ എത്തിയാൽ ഓഫിസ് ജോലിക്കാർക്കും സൗകര്യപ്രദമാകും.
ഹുബ്ബള്ളിയിൽ നിന്ന് യശ്വന്തപുര വഴി കൊച്ചുവേളിയിലേക്കുള്ള പ്രതിവാര ട്രെയിൻ(12777–78) ദിവസേനയാക്കണമെന്നും കെകെടിഎഫ് ആവശ്യപ്പെട്ടു. വളരെ തിരക്കുള്ള ട്രെയിനാണെങ്കിലും എല്ലാ ദിവസവും ഇവ സ്വീകരിക്കാൻ യശ്വന്ത്പുരയിൽ പ്ലാറ്റ്ഫോം ഒഴിവില്ലാത്തതാണ് തടസ്സം. എന്നാൽ ഇവിടെ പുതിയ ബൈപാസ് പ്ലാറ്റ്ഫോം നിർമിക്കുന്നുണ്ട്. ഇതു പൂർത്തിയായാൽ ഹുബ്ബള്ളി ട്രെയിൻ ദിവസേനയാക്കുന്ന കാര്യവും പരിഗണിക്കും.
വൈകിട്ട് അഞ്ചിനും എട്ടിനുമിടയിൽ യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുംവിധം സമയം ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കെകെടിഎഫിനു വേണ്ടി ജനറൽ കൺവീനർ ആർ. മുരളീധർ, ജോയിന്റ് കൺവീനർ സി. കുഞ്ഞപ്പൻ, കോഓർഡിനേറ്റർ മെറ്റി കെ. ഗ്രെയ്സ്, പി.എ. ഐസക് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.