ബെംഗളൂരു: ജൂലൈ 3 ന് ശിവമോഗയിൽ അവതരണം നടന്നു കൊണ്ടിരിക്കെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞ നാടകം വീണ്ടും അരങ്ങിലെത്താൻ തയ്യാറെടുക്കുന്നു.
ജയ് ശ്രീറാം’ വിളിച്ചെത്തിയ പ്രാദേശിക ബജ്‌റംഗ്‌ദൾ പ്രവർത്തകർ ആണ് വേദിയിലെത്തി നാടകം തടഞ്ഞത്. വീരശൈവ സമുദായത്തിന്റെ ഹാളിൽ മുസ്ലീം കഥാപാത്രങ്ങളുള്ള നാടകം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അവരുടെ ഭീഷണി. പിന്നാലെ കാഴ്ചക്കാരായ 150 ആളുകളോടും പിരിഞ്ഞുപോകാനും പ്രവർത്തകർ ആവശ്യപ്പെട്ടു.
തുടർന്ന് സംഘാടകർ നാടകം നിർത്തേണ്ടി വന്നു. അമേരിക്കൻ നാടകമായ ‘ഫിഡ്‌ലർ ഓൺ ദ റൂഫി’ന്റെ വിവർത്തനമായ ‘ജാതെഗിരുവണ ചന്ദിര’ എന്ന കന്നഡ നാടകത്തിനാണ് ബജറംഗ്ദള്‍ വിലക്ക് പ്രഖ്യാപിച്ചത്. മുസ്ലീം കഥാപാത്രങ്ങളും മിശ്രവിവാഹവും വിഷയമാക്കി കാഴ്ചക്കാരെ തെറ്റിധരിപ്പിക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നാടകം തടഞ്ഞത്.
ശിവമോഗ ആസ്ഥാനമായ രംഗബേലകു എന്ന നാടകസംഘമാണ് ‘ജാതെഗിരുവണ ചന്ദിര’ എന്ന നാടകം ഒരുക്കിയത്. പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ ജയന്ത് കൈകിനി രചിച്ച നാടകമാണ് ബജറംഗ്ദളിനെ ചൊടിപ്പിച്ചത്. ‘ഫിഡ്‌ലർ ഓൺ ദി റൂഫിന്റെ’ കന്നഡ പതിപ്പാണ് ‘ജാതെഗിരുവണ ചന്ദിര’. 1900-കളുടെ തുടക്കത്തിൽ റഷ്യയിൽ ജീവിച്ച ജൂതനായ ഒരു പാല്‍ക്കാരനെയും അവന്‍റെ പെണ്‍മക്കളെയും കേന്ദ്രീകരിച്ചായിരുന്നു ഫിഡ്‌ലർ ഓൺ ദി റൂഫിന്റെ കഥ.
ഇന്ത്യ വിഭജനത്തിന്റെയും കുടിയേറ്റത്തിന്റെയും പശ്ചാത്തലത്തിൽ ഒരു മുസ്ലീം ബേക്കറി ഉടമയേയും പെണ്‍മക്കളെയും കേന്ദ്രീകരിച്ചാണ് ‘ജാതെഗിരുവണ ചന്ദിര’ നാടകത്തിന്‍റെ കഥ വികസിക്കുന്നത്. മിശ്രവിവാഹത്തിന് ഒരുങ്ങുന്ന പെണ്‍കുട്ടികളും തുടര്‍ന്ന് കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് നാടകത്തില്‍ അവതരിപ്പിക്കുന്നത്. ശിവമൊഗയിലടക്കം നിരവധി തവണ വിവിധ വേദികളില്‍ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്.
നാടകം ശ്രദ്ധേയമായതിനിടെയാണ് ബജറംഗ്ദള്‍ അരങ്ങിലെത്തി നാടകം തടഞ്ഞത്. മതം, ജാതി, ഭാഷ എന്നിവയുടെ പേരിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ തുടർച്ചയായാണ് നാടകം തടഞ്ഞതെന്ന് പ്രമുഖ നാടകസംഘമായ സമുദായ കർണാടക കുറ്റപ്പെടുത്തി. നാടകാവതരണം നടക്കുന്നതിനിടെ എത്തി തടഞ്ഞത് അങ്ങേയറ്റം അപലപനീയമെന്നും സംഘടന ചൂണ്ടികാട്ടി. പോലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നെങ്കിലും നാടകപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഒരുക്കാനോ ബജറംഗ്ദള്‍ പ്രവര്‍ത്തകരെ തടയാനോ തയാറായിരുന്നില്ല.
നാടകാവതരണം തുടരാനും പോലീസ് അവസരം ഒരുക്കിയില്ല. നടപടി ആവശ്യപ്പെട്ട് നാടക സംഘടന കര്‍ണാടക സര്‍ക്കാരിന് കത്തയച്ചിരുന്നു. പ്രതിഷേധമറിയിച്ച് നാടകം വീണ്ടും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് രംഗബേലകു നാടകസംഘം. ഇത്തരം പ്രതിഷേധത്തിലൂടെ മാത്രമേ മറുപടി നല്‍കാനാവൂ എന്ന് നാടകസംഘം വ്യക്തമാക്കി. കര്‍ണാടക സാംസ്കാരിക മന്ത്രിക്കും മുഴുവന്‍ എംഎല്‍എമാര്‍ക്കും ക്ഷണകത്ത് അയക്കാനുള്ള തീരുമാനത്തിലാണ് രംഗബേലകു നാടകസംഘം. ശിവമൊഗ തന്നെയാണ് നാടക വേദിയായി തെരഞ്ഞെടുത്തത്. നാടകം അവതരിപ്പിച്ച് മറുപടി നല്‍കാനുള്ള ഒരുക്കത്തിലാണ് നാടകപ്രവര്‍ത്തകര്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.