മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി

nurse injection hospital doctor

ബെംഗളൂരു: വീട്ടിൽ കളിച്ചുകൊണ്ടിരുന്ന പതിനൊന്നുകാരനെ ബൈക്കിലെത്തിയ മുഖംമൂടിധാരികൾ ബലമായി കുത്തിവെച്ചതായി പരാതി. ധാർവാഡ് ജില്ലയിലെ കുന്ദ്‌ഗോൾ താലൂക്കിലെ നെലഗുദ്ദ ഗ്രാമത്തിലാണ് സംഭവം. നെലഗുദ്ദ സ്വദേശിയായ മണികണ്ഠ ഗാനിഗേര എന്ന കുട്ടിയെയാണ് അജ്ഞാതർ കുത്തിവെച്ചതായി പരാതി ഉയർന്നത്. സംഭവത്തെത്തുടർന്ന് നെലഗുദ്ദയും പരിസര ഗ്രാമങ്ങളും കടുത്ത ഭീതിയിലാണ്. കുട്ടിയെ നിലവിൽ ഹുബ്ബള്ളി കിംസ് (KIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടിയുടെ മൊഴി പ്രകാരം, മാതാപിതാക്കൾ വയലിൽ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം വീട്ടിൽ തനിച്ചായിരുന്ന കുട്ടിയോട് ബൈക്കിലെത്തിയ രണ്ട് മുഖംമൂടിധാരികൾ മാതാപിതാക്കളെക്കുറിച്ച് തിരക്കി. അവർ വയലിലാണെന്ന് പറഞ്ഞതോടെ കുട്ടിയെ ബലമായി പിടിച്ചുവെക്കുകയും, ഒച്ചവെക്കാതിരിക്കാൻ വായ് പൊത്തിപ്പിടിച്ച് ഇടതു കൈയിൽ കുത്തിവെയ്പ്പ് എടുക്കുകയുമായിരുന്നു. കുത്തിവെപ്പിന് പിന്നാലെ അല്പസമയം ബോധരഹിതനായെന്നും വൈകുന്നേരം മാതാപിതാക്കൾ എത്തിയപ്പോഴാണ് വിവരം പറഞ്ഞതെന്നും കുട്ടി അവകാശപ്പെടുന്നു.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

വിവരമറിഞ്ഞ ഉടൻ തന്നെ മാതാപിതാക്കൾ മണികണ്ഠനെ കുന്ദഗോൾ സർക്കാർ ആശുപത്രിയിലും തുടർന്ന് വിദഗ്ധ പരിശോധനകൾക്കായി ഹുബ്ബള്ളി കിംസിലും പ്രവേശിപ്പിച്ചു. മകൻ പറഞ്ഞത് വിശ്വസിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്ന് അമ്മ സുജാത പറഞ്ഞു. എന്നാൽ കുട്ടിയുടെ മൊഴിയിൽ പോലീസിനും ഡോക്ടർമാർക്കും നിരവധി സംശയങ്ങളുണ്ട്.

കുട്ടിയുടെ ശരീരത്തിൽ കുത്തിവെപ്പ് എടുത്തതിന്റെ ലക്ഷണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ നിലവിൽ കണ്ടെത്താനായിട്ടില്ലെന്ന് കിംസിലെ ഡോക്ടർമാർ വ്യക്തമാക്കി. മുൻകരുതലെന്ന നിലയിൽ കുട്ടിയുടെ രക്തപരിശോധനയും എക്സ്-റേയും ഉൾപ്പെടെയുള്ളവ നടത്തിവരികയാണ്. കൂടാതെ, പകൽസമയത്ത് അപരിചിതർ ബൈക്കിൽ വന്ന് പോയത് ഗ്രാമവാസികളാരും കണ്ടിട്ടുമില്ല. മറ്റ് കുട്ടികൾക്കൊന്നും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും പോലീസ് സ്ഥിരീകരിച്ചു.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കുന്ദ്‌ഗോൾ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടും പോലീസ് അന്വേഷണവും പൂർത്തിയായതിനു ശേഷമേ സംഭവത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts