ബെംഗളൂരു : കർണാടകത്തിലെ എൻഡിഎ ഘടകകക്ഷികളായ ബിജെപിയും ജെഡിഎസും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താൻ ഇരുപാർട്ടികളിലെയും നേതാക്കൾ ഉൾപ്പെട്ട ഏകോപന സമിതിക്ക് രൂപംനൽകാൻ തീരുമാനം.
ബെംഗളൂരു നഗരപരിധി ഉൾപ്പെടുന്ന ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിതലത്തിലും സംസ്ഥാനതലത്തിലും ഓരോ ഏകോപനസമിതി രൂപവത്കരിക്കാനാണ് നീക്കം.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിലുള്ള കോർപ്പറേഷനുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.
ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ചനടത്തിയശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.
സർക്കാരിനെതിരായ സമരത്തിലുൾപ്പെടെ ബിജെപിയും ജെഡിഎസും വേറിട്ട് നിൽക്കുന്നത് മുന്നണിബന്ധത്തിൽ വിള്ളലുണ്ടാക്കുന്നതായി വിലയിരുത്തലുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് ഏകോപനസമിതികൾക്ക് രൂപംനൽകുന്നതെന്നാണ് സൂചന.
സമിതികളിലേക്ക് ജെഡിഎസിൽനിന്നുള്ള അംഗങ്ങളുടെപട്ടിക പത്തുദിവസത്തിനകം കൈമാറുമെന്ന് കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ടെന്നും അത് ലഭിച്ചുകഴിഞ്ഞാൽ ബിജെപിയിൽ ചർച്ചചെയ്ത് പാർട്ടിയുടെ അംഗങ്ങളെ നിശ്ചയിക്കുമെന്നും വിജയേന്ദ്ര പറഞ്ഞു.
ദീപാവലി ആശംസകൾ കൈമാറാനാണ് വിജയേന്ദ്രയും ബിജെപി നേതാക്കളും കുമാരസ്വാമിയെ സന്ദർശിച്ചത്. കൗൺസിൽ പ്രതിപക്ഷ നേതാവ് ചലവാദി നാരായണസ്വാമിയും ഒപ്പമുണ്ടായിരുന്നു.
ജെഡിഎസ് യുവജനവിഭാഗം അധ്യക്ഷൻ നിഖിൽ കുമാരസ്വാമിയും സംബന്ധിച്ചു. 2023-ലാണ് കർണാടകത്തിൽ ജെഡിഎസും ബിജെപിയും സഖ്യകക്ഷികളായത്.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയായി ഇരുപാർട്ടികളും ചേർന്ന് മത്സരിച്ചു. മുന്നണി ബന്ധം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും തുടരുമെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.