ബെംഗളൂരു: ബന്ദിപ്പുർ വന്യജീവിസങ്കേതത്തിനുള്ളിൽ മലയാള സിനിമാചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നൽകിയതിൽ പ്രതിഷേധവുമായി പരിസ്ഥിതിപ്രവർത്തകർ രംഗത്തെത്തി.
ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലെ ബന്ദിപ്പുർ വനമേഖലയിലെ ഹിമവാദ് ഗോപാലസ്വാമി ബേട്ട ക്ഷേത്ര പരിസരത്താണ് ചൊവ്വാഴ്ച മലയാള സിനിമാ ചിത്രീകരണം ആരംഭിച്ചത്.
സംഭവമറിഞ്ഞ് പ്രദേശവാസികളും പരിസ്ഥിതിപ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിന് കീഴിലെ പരിസ്ഥിതിലോലമേഖലയിലാണ് ഹിമവാദ് ഗോപാലസ്വാമി കുന്ന്.
2016 മുതൽ ഇവിടെ കർശന നിയന്ത്രണങ്ങളാണ്. സന്ദർശകർ കെഎസ്ആർടിസി ബസുകളിലാണ് ക്ഷേത്രത്തിലെത്തുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് കുന്നിൻമുകളിലേക്ക് പ്രവേശനമില്ല.
ബന്ദിപ്പുരിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ സിനിമാചിത്രീകരണത്തിന് അനുമതി നൽകിയത് പ്രതിഷേധാർഹമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ ജോസഫ് ഹൂവർ പറഞ്ഞു.
സിനിമാചിത്രീകരണത്തിന് അനുമതി നൽകിയത് അപലപനീയമാണെന്നും വനംവകുപ്പ് എങ്ങനെയാണ് അനുമതി നൽകിയതെന്നും കർഷകനേതാവും റൈത സംഘ ജില്ലാസെക്രട്ടറിയുമായ മധു ചോദിച്ചു.
എന്നാൽ, ക്ഷേത്രപരിസരത്ത് ചിത്രീകരണത്തിനായി സിനിമാസംഘം നേരത്തേ ഒരുദിവസത്തെ അനുമതി വാങ്ങിയിരുന്നതായി അസി. ഫോറസ്റ്റ് കൺസർവേറ്റർ നവീൻകുമാർ പറഞ്ഞു.
ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടാൻ ബന്ധപ്പെട്ട മന്ത്രിമാരുമായി വിഷയം ചർച്ചചെയ്യുമെന്ന് എച്ച്.എം. ഗണേഷ് പ്രസാദ് എംഎൽഎ പരിസ്ഥിതിപ്രവർത്തകർക്ക് ഉറപ്പുനൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.