ബെംഗളൂരു : കർണാടകത്തിൽ ഉയർന്ന തസ്തികകളിലിരിക്കുന്ന വനിതാ ഐ.പി.എസ്. ഓഫീസർമാരുടെ പോര് പുറത്തേക്ക്. ഐ.ജി.യുടെ പേരിൽ പരാതിനൽകിയ ഡി.ഐ.ജി.യെ സ്ഥലംമാറ്റി സർക്കാർ.
ആഭ്യന്തരസുരക്ഷാവിഭാഗത്തിൽ ഡി.ഐ.ജി.യായ വർത്തിക കടിയാറിനെയാണ് സ്ഥലംമാറ്റിയത്. ആഭ്യന്തരസുരക്ഷാവിഭാഗം ഐ.ജി.യായ ഡി. രൂപയുടെ പേരിൽ വർത്തിക കഴിഞ്ഞമാസം ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് പരാതിനൽകിയിരുന്നു.
രൂപയുടെ നിർദേശപ്രകാരം രണ്ടു പോലീസുകാർ തന്റെ ഓഫീസിലെത്തി ചില രേഖകളുടെ ഫോട്ടോയെടുത്തുകൊണ്ടുപോയെന്നായിരുന്നു പരാതിയിൽ പറഞ്ഞത്.
താൻ ഓഫീസലില്ലാത്ത സമയം പോലീസ് കൺട്രോൾ റൂമിൽനിന്ന് താക്കോൽ വാങ്ങിക്കൊണ്ടുവന്ന് ഓഫീസ് അനധികൃതമായി തുറന്ന് പോലീസുകാർ അകത്ത് പ്രവേശിക്കുകയായിരുന്നു.
തന്റെപേരിൽ മോശം റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് നൽകുമെന്ന് രൂപ ഭീഷണിപ്പെടുത്തിയതായും വർത്തികയുടെ പരാതിയിൽ ആരോപിച്ചു. ഇതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ച വർത്തികയെ സ്ഥലംമാറ്റിയത്. സിവിൽ ഡിഫൻസ് വിഭാഗത്തിൽ ഡി.ഐ.ജി.യായാണ് സ്ഥലംമാറ്റം.
രൂപ തന്നെ കുടുക്കാൻശ്രമിക്കുകയാണെന്ന് വർത്തിക കരുതുന്നു. രൂപയുടെപേരിൽ നേരത്തേ അവരുടെ കീഴ്ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതിനൽകിയിരുന്നു. ഇത് വർത്തികയുടെ നിർദേശപ്രകാരമാണെന്ന് രൂപ കരുതുന്നു.
ഇരുവരും തമ്മിലുള്ള പോരുമുറുകാൻ ഇതാണ് കാരണമെന്നാണ് സൂചന. മുൻപ് വനിതാ ഐ.എ.എസ്. ഓഫീസറായ രോഹിണി സിന്ദൂരിയും ഡി. രൂപയും തമ്മിൽ സമാനമായ പോര് നടന്നിരുന്നു. രോഹിണിയുടെ പേരിൽ രൂപ നൽകിയ മാനനഷ്ടക്കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.