ബെംഗളൂരു : രാത്രിയിൽ പെയ്ത കനത്തമഴയെത്തുടർന്ന് നഗരത്തിൽ ചിലയിടങ്ങളിൽ റോഡുകളിൽ വെള്ളംപൊങ്ങി.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമാണ് മഴപെയ്തത്. ഞായറാഴ്ച രാവിലെ വാഹനവുമായി പുറത്തിറങ്ങിയ ഒട്ടേറെയാളുകൾ വെള്ളക്കെട്ടിൽ കുടുങ്ങി.
ഇരുചക്രയാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടിയത്. ഞായറാഴ്ച രാവിലെ സക്ര ആശുപത്രിക്കു സമീപം പനത്തൂർ റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ട് കാരണം ഗതാഗതം തടസ്സപ്പെട്ടു.
ശനിയാഴ്ച രാത്രി എട്ടു മണിയോടെ ആരംഭിച്ച മഴ പുലർച്ചെ മൂന്നു മണിയോടെയാണ് തീർന്നത്. ശനിയാഴ്ച രാത്രിയിൽ റോഡുകളിലെ വാരാന്ത്യത്തിരക്കിന് പുറമേ മഴയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയായിരുന്നു.
എം.ജി. റോഡിൽ മെട്രോ സ്റ്റേഷനു സമീപത്തെ ജംങ്ഷൻ മുതൽ അനിൽ കുംബ്ലെ സർക്കിൾവരെ വാഹനങ്ങളുടെ നിര നീണ്ടു.
ബെന്നാർഘട്ട റോഡ്, ഔട്ടർ റിങ് റോഡ്, കമ്മനഹള്ളി എന്നിവിടങ്ങളിലും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നഗരത്തിന്റെ വിവിധഭാഗങ്ങളിലായി ആറുമരങ്ങൾ കടപുഴകി വീണു.
മഴയെത്തുടർന്ന് പലഭാഗങ്ങളിലും വൈദ്യുതി ബന്ധംതകരാറിലായി. ബനശങ്കരി, ജെ.പി. ↑നഗർ, ഉത്തരഹള്ളി, ഈജിപുര തുടങ്ങിയ സ്ഥലങ്ങളിൽ ഏറെ നേരം വൈദ്യുതിയില്ലായിരുന്നു.
മഴയ്ക്കു പുറമെ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡും (ബി.ഡബ്യു.എസ്.എസ്.ബി.) ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (ബി.ബി.എം.പി.) നടത്തുന്നനിർമാണ പ്രവർത്തനങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ടായി.
പല സ്ഥലങ്ങളിലും റോഡിന്റെ പകുതിയോളം നിർമാണ സാമഗ്രികളും മണ്ണും കൂടിക്കിടക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.