രാമേശ്വരം കഫേ സ്ഫോടനക്കേസ് കുറ്റപത്രം ; 2 പ്രതികൾക്ക് ഐഎസ് ബന്ധം

ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു.

മുസാവീർ ഹുസൈൻ ഷാസിബ്, അബ്ദുള്‍ മദീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മില്‍ ഷരീഫ് എന്നിവർക്കെതിരെയാണ് കുറ്റപത്രം.

അയോധ്യയിലെ പ്രതിഷ്ഠാദിനത്തില്‍ ബെംഗളൂരുവിലെ ബി.ജെ.പി ഓഫീസില്‍ ബോംബ് സ്ഫോടനം നടത്താൻ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു എന്ന കണ്ടെത്തലും കുറ്റപത്രത്തിലുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

രാമേശ്വരം കഫേ സ്ഫോടനത്തിലെ പ്രധാന പ്രതിയായ ഷാസിബും താഹയും ഐ.എസ്. മൊഡ്യൂളിന്റെ ഭാഗമാണെന്നും കഴിഞ്ഞ നാലുവർഷമായി ഇവർ ഒളിവിലായിരുന്നു എന്നും അന്വേഷണ ഏജൻസി പറയുന്നു.

കർണാടക പോലീസ് നേരത്തേ പിടികൂടിയ അല്‍-ഹിന്ദ് മൊഡ്യൂളിന്റെ ഭാഗമായിരുന്ന ഇരുവരും പിന്നീട് ഒളിവില്‍പോവുകയായിരുന്നു.

രാമേശ്വരം കഫേയില്‍ സ്ഫോടകവസ്തു വെച്ചത് മുസാവീർ ഹുസൈൻ ഷാസിബാണ്.

സ്ഫോടനത്തിന്റെ ആസൂത്രകരിലൊരാളാണ് അബ്ദുള്‍ മദീൻ താഹ.

ഇരുവരും ശിവമോഗ ജില്ലയിലെ തീർഥഹള്ളി സ്വദേശികളാണ്.

ജനുവരി 22-ന് അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന ദിവസം മല്ലേശ്വരത്തെ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഐ.ഇ.ഡി അക്രമണത്തിന് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നുവെന്നും എന്നാലത് പരാജയപ്പെട്ടെന്നും എൻ.ഐ.എ. കുറ്റപത്രത്തില്‍ പറയുന്നു.

പിന്നീടാണ് പ്രതികള്‍ ബ്രൂക്ക്ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ സ്ഫോടനം നടത്തിയത്.

മാർച്ച്‌ ഒന്നിനാണ് രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്.

കഫേയിലെ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഉള്‍പ്പെടെ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു.

സ്ഫോടനം നടന്നതിന് ശേഷമുള്ള പ്രതികളുടെ ഫോട്ടോകളും വീഡിയോകളും എൻ.ഐ.എ. പുറത്തുവിട്ടിരുന്നു.

സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികള്‍ മാസ്ക് ധരിച്ചിരുന്നതായും കണ്ടെത്തി.

സ്ഥലത്തുനിന്ന് നട്ടുകളും ബോള്‍ട്ടുകളും കണ്ടെത്തിയിരുന്നു.

സ്ഫോടകവസ്തുവില്‍ ഉപയോഗിച്ച ടൈമർ ഡിവൈസും പോലീസ് കണ്ടെത്തി.

ആദ്യം ബെംഗളൂരു പോലീസും സെൻട്രല്‍ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്.

പിന്നീട് മാർച്ച്‌ മൂന്നിന് കേസ് എൻ.ഐ.എ. ഏറ്റെടുത്തു.

സ്ഫോടനം നടന്ന് 40-ദിവസത്തിന് ശേഷം പശ്ചിമബംഗാളില്‍ നിന്ന് മുഖ്യപ്രതികളായ മുസാവീർ ഹുസൈൻ ഷാസിബ്, അബ്ദുള്‍ മദീൻ അഹമ്മദ് താഹ എന്നിവർ അറസ്റ്റിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us