റൈഡ് റദ്ദാക്കിയതിന്റെ പേരിൽ യുവതിയോട് മോശമായി പെരുമാറിയ ഓട്ടോ ഡ്രൈവർക്ക് എട്ടിന്റെ പണി 

ബെംഗളൂരു: റൈഡ് റദ്ദാക്കിയതിന്റെ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിന് ബെംഗളൂരുവില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവർ ആർ മുത്തുരാജിന് വീണ്ടും എട്ടിന്റെ പണി.

ജാമ്യം ലഭിക്കുന്നതിന് വേണ്ട നിയമ ചെലവുകള്‍ക്കായി ഇയാള്‍ക്ക് 30,000 രൂപയെങ്കിലും മുടക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിന് പുറമെ ജയിലിലും കഴിയേണ്ടി വന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുത്തുരാജ് പെണ്‍കുട്ടിയെ അസഭ്യം പറയുന്നതിന്റെ വീഡിയോ ക്ലിപ്പ് പുറത്ത് വന്നത്. പെണ്‍കുട്ടിയെ അടിക്കാനും ഇയാള്‍ ശ്രമിക്കുന്നുണ്ട്.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇയാള്‍ക്കെതിരെ വലിയ രീതിയില്‍ ജനരോഷം ഉയർന്നിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിഷയം കോടതിയുടെ മുന്നിലെത്തിയതിനാല്‍ സ്‌റ്റേഷൻ ജാമ്യം നേടാനും മുത്തുരാജിന് കഴിഞ്ഞില്ല.

മുത്തുരാജിന്റേത് ഒരിക്കലും അംഗീകരിക്കാനാകാത്ത പ്രവർത്തിയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പട്ടാപ്പകലാണ് ഇയാള്‍ പെണ്‍കുട്ടിയെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തത്. ഒരു റൈഡ് റദ്ദാക്കിയതിന്റെ പേരില്‍ ഇത്തരമൊരു പെരുമാറ്റം ഉണ്ടായത് അംഗീകരിക്കാനാകില്ല.

കുറ്റകൃത്യത്തിന്റെ ഗൗരവം അയാള്‍ മനസിലാക്കണം. അതുകൊണ്ടാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതിയും ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്.

നാല് ദിവസത്തെ കസ്റ്റഡിയിലാണ് ഇയാളെ വിട്ടത്. ജാമ്യം ലഭിക്കണമെങ്കില്‍ അഭിഭാഷകനെ വയ്‌ക്കുകയും, ഫീസ് അടയ്‌ക്കുകയും വേണം.

ഇതിന് കുറഞ്ഞത് 30,000 രൂപയോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ചെലവാകും. ഇനി ജാമ്യം കിട്ടണമെങ്കില്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം.

ഇനി ജാമ്യം കിട്ടിയാലും പേപ്പർ വർക്ക് പൂർത്തിയാക്കി പുറത്തിറങ്ങണമെങ്കില്‍ രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

റൈഡ് റദ്ദാക്കിയപ്പോള്‍ ദേഷ്യം വന്നതിനാലാണ് അത്തരത്തില്‍ പെരുമാറിയതെന്നാണ് മുത്തുരാജ് പറയുന്നത്. എന്നാല്‍ ഒരു പെണ്‍കുട്ടിയെ ഇത്തരത്തില്‍ അധിക്ഷേപിക്കുകയും തല്ലുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

ഒരു പക്ഷേ റൈഡ് റദ്ദാക്കിയതിന്റെ പേരില്‍ അയാള്‍ക്ക് പരമാവധി 20 അല്ലെങ്കില്‍ 30 രൂപയില്‍ കൂടുതല്‍ നഷ്ടമാകില്ല.

പക്ഷേ ഇനി ജയിലില്‍ നിന്ന് പുറത്തിറങ്ങണമെങ്കില്‍ 30,000 രൂപയില്‍ കൂടുതല്‍ ചെലവാക്കണം.

പൊതുഇടത്തില്‍ ഒരു പെണ്‍കുട്ടിയെ ഇത്തരത്തില്‍ അധിക്ഷേപിച്ചത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഒഴിവാക്കാനാകുന്ന ഒരു സാഹചര്യമായിരുന്നു അതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തെ കുറിച്ച്‌ റിപ്പോർട്ട് നല്‍കാൻ ആർടിഒയോട് ട്രാൻസ്‌പോർട്ട് അഡീഷണല്‍ കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട് ലഭിച്ചതിന് ശേഷം മുത്തുരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

മൊബൈല്‍ ആപ്പ് വഴി യാത്രക്കാർ റൈഡ് ബുക്ക് ചെയ്യുന്നത് റദ്ദാക്കുന്നതും സംബന്ധിച്ചുള്ള നടപടികള്‍ ആ കമ്ബനിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും ഗതാഗത കമ്മീഷണർ എ എം യോഗീഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us