ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിൽ 6,626 കടൽക്കുതിരകളുമായി മൂന്നു തമിഴ്‌നാട് സ്വദേശികളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഉദ്യോഗസ്ഥർ പിടികൂടി.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നിന്നാണ് മൂവരെയും പിടികൂടിയത്.
ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയനിലയിൽ 6,626 കടൽക്കുതിരകളെ കണ്ടെത്തുകയായിരുന്നു.സമീപകാലത്തെ ഏറ്റവും വലിയ കടൽക്കുതിര വേട്ടയാണിത്.
മുംബൈ വഴി സിങ്കപ്പൂരിലേക്ക് പോകാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. കടൽക്കുതിരകളെ കടത്തുന്ന കള്ളക്കടത്ത് ശൃംഖലയെയാണ് തകർത്തതെന്ന് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ പറഞ്ഞു.
കടത്തുസംഘത്തിലെ പ്രധാന വ്യക്തികളിലൊരാളും പിടിയിലായെന്നും കടത്ത് ഏകോപിപ്പിക്കുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തെക്ക് കിഴക്കൻ ഏഷ്യൻ വിപണികളിൽ ഉണക്കിയ കടൽക്കുതിരകൾക്ക് ആവശ്യക്കാരേറെയാണ്. പ്രധാനമായും പരമ്പരാഗത മരുന്നുകൾ, അക്വേറിയങ്ങൾക്കുള്ള അലങ്കാരങ്ങൾ എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.
ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം കടൽക്കുതിരകളെ വേട്ടയാടുന്നതും ശേഖരിക്കുന്നതും വ്യാപാരം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
ഇവയെ പിടികൂടുന്നതും വിൽക്കുന്നതുംഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.