ബെംഗളൂരു : കനത്ത മഴയിൽ ഹാസനിലെ സകലേശ്‌പുരയിൽ മണ്ണിടിച്ചിലിൽ തടസ്സപ്പെട്ട തീവണ്ടിഗതാഗതം പുനഃസ്ഥാപിക്കുന്ന പ്രവൃത്തി നീളുന്നു.
ബെംഗളൂരു-മംഗളൂരു പാതയിലെ ഗതാഗതമാണ് മൂന്നുദിവസമായി മുടങ്ങിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള എക്സ്‌പ്രസ് തീവണ്ടി ഓഗസ്റ്റ് നാലുവരെ റദ്ദാക്കിയതോടെ മലയാളി യാത്രക്കാർക്കും പ്രയാസമായി.
മലബാറിൽനിന്ന് ദിവസേന ബെംഗളൂരുവിലേക്കുള്ള രണ്ടുവണ്ടികളിൽ ഒന്നാണ് ഓടാതെ കിടക്കുന്നത്. രണ്ടിലും ആഴ്ചകൾക്കുമുൻപേ ടിക്കറ്റ് തീരുന്ന രീതിയിൽ വലിയ തിരക്കനുഭവപ്പെടുന്നതാണ്.
അതിനിടയിലാണ് ഒരു തീവണ്ടി സർവീസ് മുടക്കുന്നത്. ഇതിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ മറ്റു യാത്രാമാർഗം തേടേണ്ട സ്ഥിതിയായി.
യടകുമേറി-കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ കണ്ണൂരിലേക്കും തിരിച്ചുമുള്ളതുൾപ്പെടെ ഈ റൂട്ടിലുള്ള എല്ലാ തീവണ്ടി സർവീസുകളും തടസ്സപ്പെട്ടു.
ശനിയാഴ്ച കണ്ണൂരിൽനിന്നും മംഗളൂരുവഴി ബെംഗളൂരുവിലേക്കുള്ള വണ്ടി(16512) ഷൊർണൂർ-സേലം വഴി തിരിച്ചുവിട്ടിരുന്നു. പിന്നീട് ഈ വണ്ടിയും റദ്ദാക്കി.
കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ്(16511) പിന്നീട് ഓടിയില്ല. കണ്ണൂരിൽനിന്നും ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന വണ്ടികളാണിത്.
മംഗളൂരു റൂട്ടിനുപകരം ഈ വണ്ടി സേലം പാലക്കാടുവഴി സർവീസ് നടത്തിയാൽ യാത്രക്കാർക്ക് സൗകര്യമാകുമെന്ന് യാത്രക്കാർ പറയുന്നു.
എന്നാൽ, ഇതിനുള്ള നടപടി റെയിൽവേ സ്വീകരിക്കുന്നില്ല.
റെയിൽപ്പാളം സുരക്ഷിതമാക്കി സർവീസ് ആരംഭിക്കുന്നത് നീളുമെന്നാണ് സൂചന.
മലയുടെ നടുവിലൂടെ പോകുന്ന പാളമാണിത്. പാളത്തിന്റെ മുകൾ ഭാഗത്തും അടിഭാഗത്തും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.
സുരക്ഷാഭിത്തി നിർമിച്ച് വീണ്ടുമുള്ള കുന്നിടിച്ചിൽ ഒഴിവാക്കിവേണം ഗതാഗതം പുനഃസ്ഥാപിക്കാൻ.
കനത്ത മഴയ്ക്കിടെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. 430 ജോലിക്കാരെ സ്ഥലത്തെത്തിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.200 പേർ പകലും 120 പേർ രാത്രിയും ജോലി ചെയ്യുന്നു. 110 പേർ സഹായിക്കാനുണ്ട്.
എട്ട് ജനറേറ്ററുകളും 60 ഫ്ലഡ് ലൈറ്റുകളും സ്ഥലത്തെത്തിച്ചു. തിങ്കളാഴ്ച ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ അരവിന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർമാണ പ്രവൃത്തികൾ വിലയിരുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.