ഓൺലൈൻ ആപ്പിൽ കാണിക്കുന്നതിനെക്കാൾ കൂടുതൽ നിരക്ക് ആവശ്യപ്പെടുന്നു കൊടുത്തില്ലെങ്കിൽ ഭീഷണി; ഓൺലൈൻ ഓട്ടോ മോശം അനുഭവങ്ങൾ ഏറുന്നു

ബെംഗളൂരു : നഗരത്തിൽ ഓൺലൈൻ ഓട്ടോറിക്ഷകളിൽ യാത്രചെയ്യുന്നവർ നേരിടുന്ന ദുരനുഭവങ്ങൾ വർധിച്ചുവരുന്നതായി പരാതി. മുമ്പൊക്കെ സ്റ്റാൻഡുകളിൽനിന്നു വിളിക്കുന്ന ഓട്ടോറിക്ഷകളായിരുന്നു കൂടുതലും യാത്രക്കാരെ കബളിപ്പിച്ചിരുന്നത്.

ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ഓട്ടോറിക്ഷകളുടെ ഭാഗത്തുനിന്നും യാത്രക്കാർക്ക് ദുരനുഭവം നേരിടുന്നുണ്ട്. ആവശ്യപ്പെട്ട യാത്രാക്കൂലി കൊടുക്കാത്തിന് യാത്രക്കാർക്കുനേരേ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഭയംകാരണം പലരും ഇക്കാര്യങ്ങൾ പുറത്തുപറയാറില്ല.

അതേസമയം, യാത്രക്കാരോട് നല്ലരീതിയിൽ പെരുമാറുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരുമുണ്ട്. യാത്രാക്കൂലി ഓൺലൈനായി നൽകാൻ നോക്കിയിട്ട് പറ്റാത്തതിനാൽ പിന്നീട് അയച്ചാൽമതിയെന്ന് പറഞ്ഞ്‌ നമ്പർ കൊടുത്തശേഷം പോകുന്ന ഡ്രൈവർമാരും നഗരത്തിലുണ്ട്.

നമ്മ യാത്രി വഴി ഓട്ടോറിക്ഷ ബുക്കുചെയ്ത വൻഷിത അഗർവാൾ യുവതിക്കാണ് ഏറ്റവുമൊടുവിൽ ദുരനുഭവമുണ്ടായത്. താൻ നേരിട്ട ദുരനുഭവം സാമൂഹിക മാധ്യമമായ എക്‌സിൽ വൻഷിത പോസ്റ്റുചെയ്തു. കഴിഞ്ഞദിവസം പുലർച്ചെ നാലിനായിരുന്നു സംഭവം.

രണ്ടു സുഹൃത്തുക്കൾക്കും ഒരു കുട്ടിക്കുമൊപ്പം യാത്രചെയ്യുകയായിരുന്നു യുവതി. താമസസ്ഥലത്തെത്തിയപ്പോൾ മൊബൈൽ ആപ്പിൽ കാണിക്കുന്ന നിരക്ക് വളരെ കുറവാണെന്നും കൂടുതൽ പണം വേണമെന്നും ഡ്രൈവർ ആവശ്യപ്പെട്ടു. തെറ്റായ ലൊക്കേഷൻ കാണിച്ചതിനാൽ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവന്നെന്നും ഡ്രൈവർ പറഞ്ഞു.

എന്നാൽ, താൻ കൃത്യമായ ലൊക്കേഷനാണ് കൊടുത്തതെന്നും കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവന്നില്ലെന്നും യുവതി പറഞ്ഞു. ഇതോടെ ഡ്രൈവർ കൂടുതൽ രോഷാകുലനായി. ആപ്പിൽ കാണിക്കുന്ന നിരക്ക് കുറവായതിനാൽ അതു പോരെന്ന് പറഞ്ഞു.

എന്നാൽ, ആപ്പ് വഴി ബുക്കുചെയ്തതിനാൽ ആപ്പിൽ കാണിക്കുന്ന കാശേ നൽകൂവെന്ന് യുവതി പറഞ്ഞു. ഇതോടെ ഡ്രൈവർ യുവതിക്കുനേരേ ഉച്ചത്തിൽ ബഹളംവെക്കുകയും മോശമായി സംസാരിക്കുകയുമായിരുന്നു. ഭയന്നുപോയ യുവതിയും കൂടെയുള്ളവരും താമസസ്ഥലത്തേക്ക് വേഗത്തിൽ നടന്നുപോയി സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ചു.

സെക്യൂരിറ്റി ജീവനക്കാരനുമായും ഡ്രൈവർ വാക്കേറ്റത്തിലേർപ്പെട്ടു. ഈ സമയം യുവതി പോലീസിനെ വിളിക്കുകയായിരുന്നു. ഓട്ടോയുടെ നമ്പർസഹിതം യാത്രക്കാർ ജാഗ്രതപാലിക്കണമെന്ന അടിക്കുറിപ്പോടെയായിരുന്നു യുവതി എക്‌സിൽ പോസ്റ്റുചെയ്തത്.

ഇതേത്തുടർന്ന് നമ്മ മെട്രോ ക്ഷമചോദിച്ച് എക്‌സിൽ മറുപടിനൽകി. അടുത്തിടെ മറ്റൊരു സംഭവത്തിൽ ഒല ഓട്ടോ ഡ്രൈവറിൽനിന്ന് യാത്രക്കാരന് മോശം അനുഭവമുണ്ടായിരുന്നു. വെളുപ്പിന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്ന് താമസസ്ഥലത്തേക്കാണ് ഓട്ടോ ബുക്കുചെയ്തത്.

സ്ഥലമെത്തിയപ്പോൾ ആപ്പിൽ കാണിച്ചതിനെക്കാൾ അധികം പണം ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞപ്പോൾ യാത്രക്കാരനുനേരേ ബഹളംവെക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഓൺലൈൻ ക്യാബുകളിലും യാത്രക്കാർക്ക് ദുരനുഭവം ഉണ്ടാകാറുണ്ട്. കഴിഞ്ഞയാഴ്ച ക്യാബിൽ എ.സി. ഇടാൻ പറഞ്ഞ യാത്രക്കാരനോട് ഊബർ ഡ്രൈവർ മോശമായി പെരുമാറിയിരുന്നു. എ.സി. ഇടില്ലെന്നും പറ്റില്ലെങ്കിൽ ട്രിപ്പ് റദ്ദാക്കിക്കോളൂവെന്നുമാണ് ഡ്രൈവർ പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us