വൈറല്‍ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ വാദത്തിനെതിരേ രൂക്ഷവിമർശനവുമായി ഡോ.സിറിയക് എബി ഫിലിപ്സ്.
ലിവർ ഡോക്ടർ എന്നപേരില്‍ പ്രശസ്തനായ ഇദ്ദേഹം ട്വിറ്ററിലൂടെയാണ് സാമന്ത പങ്കുവെച്ച അശാസ്ത്രീയമായ ചികിത്സാരീതിയെ വിമർശിച്ചത്.
സാധാരണ വൈറല്‍ അണുബാധയ്ക്ക് മരുന്നെടുക്കും മുമ്പ് മറ്റൊരുരീതി പരീക്ഷിക്കൂ എന്നും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യൂ എന്നുമാണ് സാമന്ത ചിത്രംസഹിതം കുറിച്ചത്.
എന്നാല്‍ നിർഭാഗ്യകരമെന്നു പറയട്ടെ ആരോഗ്യ-ശാസ്ത്ര വിഷയങ്ങളില്‍ നിരക്ഷരയാണ് സാമന്ത എന്നുപറഞ്ഞാണ് ഡോ.സിറിയക് ഇതിനെതിരെ കുറിച്ചത്.
സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം കുറിച്ചു.
യുക്തിപരവും ശാസ്ത്രീയവുമായി പുരോഗമനം വരിച്ച സമൂഹത്തില്‍ ഈ സ്ത്രീക്കെതിരെ പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന കുറ്റം ചാർത്തി, പിഴചുമത്തുകയോ, അഴിക്കുള്ളില്‍ അകത്താക്കുകയോ ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.
ഇത്തരത്തിലുള്ള ആരോഗ്യത്തെ നശിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഹെല്‍ത്ത് ഇൻഫ്ലുവൻസർമാർക്കെതിരെ ആരോഗ്യമന്ത്രാലയമോ, ആരോഗ്യവിഭാഗമോ എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
എന്നാൽ ഇതിനുള്ള മറുപടിയുമായി സാമന്ത വീണ്ടും രംഗത്ത് എത്തി.
കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് പലതരം മരുന്നുകൾ കഴിക്കേണ്ടി വന്നെന്നും താരം കുറിച്ചു. പ്രൊഫഷണൽ ഡോക്ടർമാരുടെ നിർദേശപ്രകാരമായിരുന്നു അത്.
ഈ ചികിത്സകളിൽ പലതും വളരെ ചെലവേറിയതായിരുന്നു. എന്നെപ്പോലെയുള്ളരൊൾക്ക് ഇത് താങ്ങാനാകും, പക്ഷേ ഇങ്ങനെയൊരവസ്ഥയിൽ സാധാരണക്കാരെത്തിയാൽ എന്ത് ചെയ്യുമെന്ന് താനെപ്പോഴും ചിന്തിക്കാറുണ്ടെന്നും താരം പറയുന്നു.
25 വർഷമായി ഡിആർഡിഒയിൽ സേവനമനുഷ്ഠിച്ച ഉയർന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സ രീതി നിർദേശിച്ചതെന്നും സാമന്ത കുറിച്ചിട്ടുണ്ട്.
മറ്റുള്ളവരെ സഹായിക്കുക എന്നതാണ് തന്റെ ചിന്തയെന്നും ആരെയും ഉപദ്രവിക്കണമെന്നില്ലെന്നും അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്നും താരം കുറിച്ചു.
തനിക്ക് ഫലം ചെയ്ത ഒരു രീതി പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും സാമന്ത കുറിപ്പിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.