സൂക്ഷിക്കൂക ഇനി കൃത്യമായ രേഖകളില്ലെങ്കിൽ വഴിയോര ഭക്ഷണക്കച്ചവടക്കാർ കുടുങ്ങും

ബെംഗളൂരു : ബെംഗളൂരുവിൽ വഴിയോര ഭക്ഷണക്കച്ചവടക്കാരെ പരിശോധിക്കാനൊരുങ്ങി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). ഇതരസംസ്ഥാനക്കാരായ ഭക്ഷണവിതരണക്കാരെയാണ് പ്രധാനമായും പരിശോധിക്കുന്നത്.

ഭക്ഷണത്തിൽ ആരോഗ്യത്തിന് ഹാനികരമായ പദാർഥങ്ങൾ ഉപയോഗിക്കുന്നതായി വ്യാപകമായി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് പരിശോധന.

അടുത്തിടെ കബാബ്, പഞ്ഞി മിഠായി, ഗോപി മഞ്ചൂരിയൻ തുടങ്ങിയവയിൽ കൃത്രിമനിറം ചേർക്കുന്നത് വിലക്കി സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് വഴിയോരക്കച്ചവടക്കാരെ പരിശോധിക്കാനൊരുങ്ങുന്നത്. അടുത്തയാഴ്ച പരിശോധന ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പാനിപൂരി പോലുള്ള ഭക്ഷണപദാർഥങ്ങളിൽ മായംകലർന്ന ചേരുവകൾ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കും.

മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള കച്ചവടക്കാർക്ക് കൃത്യമായ തിരിച്ചറിയൽ കാർഡില്ലെങ്കിൽ കച്ചവടം നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കച്ചവടക്കാരെ ഏകീകൃത തിരിച്ചറിയൽസംവിധാനത്തിനുകീഴിൽ കൊണ്ടുവരാൻ ബി.ബി.എം.പി. ആലോചിക്കുന്നുണ്ട്.

ഇങ്ങനെ ചെയ്യുന്നത് ഇതരസംസ്ഥാനങ്ങളിൽനിന്നുവന്ന് അനധികൃതമായി കച്ചവടം നടത്തുന്നത് തടയാൻ കഴിയും.

പ്രാദേശിക കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കാനും ഭക്ഷണനിലവാരം മെച്ചപ്പെടുത്താനും ഇതുപകരിക്കുമെന്നാണ് വിലയിരുത്തൽ.

പാനിപൂരിയിൽ കൃത്രിമനിറങ്ങളും മായംകലർന്ന പദാർഥങ്ങളും ഉപയോഗിക്കുന്നത് വിലക്കാൻ അടുത്തിടെ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു.

നഗരത്തിന്റെ വിവിധഭാഗങ്ങളിൽ വഴിയോരങ്ങളിൽ ഭക്ഷണം വിൽക്കുന്നവർ ഒട്ടേറെയാണ്. വൈകുന്നേരങ്ങളിലും രാത്രിസമയങ്ങളിലുമാണ് വഴിയോര ഭക്ഷണക്കച്ചവടം കൂടുതൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us