ബെംഗളൂരു : കർണാടകത്തിൽ വിവിധ മണ്ഡലങ്ങളിലായി 41 വനിതകൾ മത്സരിച്ചതിൽ ജയിച്ചത് മൂന്നു പേർ മാത്രം. ബി.ജെ.പി.യിൽനിന്ന് ഒരാളും കോൺഗ്രസിൽനിന്ന് രണ്ടു പേരുമാണ് ജയിച്ചത്.
ബെംഗളൂരു നോർത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്തലജെയാണ് ബി.ജെ.പി.യിൽ നിന്ന് ജയിച്ച ഏക വനിത.
ചിക്കോടിയിൽ പ്രിയങ്ക സതീഷ് ജാർക്കിഹോളിയും ദാവണഗെരെയിൽ ഡോ. പ്രഭ മല്ലികാർജനുമാണ് കോൺഗ്രസിൽനിന്ന് പാർലമെന്റിലേക്കെത്തിയ വനിതകൾ.
കഴിഞ്ഞ തവണ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ മത്സരിച്ച ശോഭ കരന്തലജെ ഇത്തവണ ബെംഗളൂരു നോർത്തിൽ സ്ഥാനാർഥിയായപ്പോൾ ആദ്യഘട്ടത്തിൽ പ്രാദേശിക ഘടകങ്ങളുടെ എതിർപ്പുണ്ടായിരുന്നു.
എങ്കിലും രണ്ടര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശോഭയുടെ ജയം.
മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകളായ പ്രിയങ്ക ചിക്കോടിയിൽ ഒരുലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
ദാവണഗെരെയിൽ ഡോ. പ്രഭ മല്ലികാർജുൻ കാൽലക്ഷത്തിനടുത്ത് വോട്ടിനാണ് ജയിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ ലോക്‌സഭയിലേക്കുള്ള വനിതകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 27 വനിതകൾ മത്സരിച്ചതിൽ രണ്ടു പേർ മാത്രമായിരുന്നു ജയിച്ചത്.
മാണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിച്ച നടി സുമലതയും ഉഡുപ്പി- ചിക്കമഗളൂരുവിൽ ശോഭ കരന്തലജെയുമാണ് സംസ്ഥാനത്ത് അന്ന് ജയിച്ചത്.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 വനിതകൾ മത്സരിച്ചതിൽ ശോഭ കരന്തലജെ മാത്രമായിരുന്നു ജയിച്ചത്.
മൂന്നു തിരഞ്ഞെടുപ്പുകളിലും കർണാടകത്തിൽനിന്ന് ലോക്‌സഭയിലെത്തിയ ഏക വനിത എന്ന നേട്ടം ശോഭ കരന്തലജെ സ്വന്തമാക്കി.
അതേസമയം സംസ്ഥാനത്ത് ആറുമന്ത്രിമാരുടെ മക്കൾ ജനവിധിതേടിയതിൽ ജയം മൂന്നുപേർക്ക്. പൊതുമരാമത്തുമന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി (ചിക്കോടി), വനംവകുപ്പുമന്ത്രി ഈശ്വർ ഖന്ദ്രെയുടെ മകൻ സാഗർ ഖന്ദ്രെ (ബീദർ), മന്ത്രി എച്ച്.സി. മഹാദേവപ്പയുടെ മകൻ സുനിൽ ബോസ് എന്നിവരാണ് ജയിച്ചത്.
കേന്ദ്ര രാസവളംമന്ത്രി ഭഗവന്ത് ഖുബയെയാണ് സാഗർ ഈശ്വർ ഖന്ദ്രെ തോൽപ്പിച്ചത്. 128875 വോട്ടുകൾക്കാണ് ജയം. പ്രിയങ്ക ജാർക്കിഹോളി ചിക്കോടിയിൽ ഒരുലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി (ബെംഗളൂരു സൗത്ത്), ടെക്സ്റ്റൈൽസ് മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകൾ സംയുക്താ പാട്ടീൽ (ബാഗൽകോട്ട്), വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൽ രവീന്ദ്ര ഹെബ്ബാൾക്കർ (ബെലഗാവി) എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റ് മന്ത്രിമക്കൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.