ബെംഗളൂരു : കൊട്ടാരനഗരമായ മൈസൂരുവിലെ രാജാവ് ഇനി ജനപ്രതിനിധി. യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ 1,41,872 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.
മൈസൂരു-കുടക് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥിയായ യദുവീർ കോൺഗ്രസിലെ എം. ലക്ഷ്മണയെയാണ് പരാജയപ്പെടുത്തിയത്.
2013-ൽ അന്നത്തെ മൈസൂരു രാജാവായിരുന്ന ശ്രീകണ്ഠദത്ത നരസിംഹരാജ് വൊഡയാറുടെ വിയോഗത്തോടെയാണ് യദുവീർ മൈസൂരു രാജാവായത്.
ബെംഗളൂരുവിലെ അരശ് കുടുംബത്തിൽ പിറന്ന യദുവീറിനെ 23-ാം വയസ്സിൽ രാജകുടുംബത്തിലേക്കു രാജ്ഞി പ്രമോദാ ദേവി ദത്തെടുക്കുകയായിരുന്നു.
യുവരാജാവിന് മൈസൂരുകാർ നൽകുന്ന ബഹുമാനം വോട്ടാക്കിമാറ്റി മണ്ഡലം നിലനിർത്താൻ ലക്ഷ്യമിട്ടാണ് ബി.ജെ.പി. അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയത്.
നിലവിലെ എം.പി. പ്രതാപ്സിംഹയെ മാറ്റിയാണ് യദുവീറിനെ രംഗത്തിറക്കിയത്. പാർലമെൻറ് ആക്രമണം നടത്തിയവർ പ്രതാപ്സിംഹയുടെ ബന്ധമുപയോഗിച്ച് പാസ് സംഘടിപ്പിച്ച വാർത്ത പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ അവസരം തെറിച്ചത്.
ഇതോടെ, യദുവീർ അരമനയിൽനിന്ന് ജനങ്ങൾക്കിടയിലേക്കെത്തി. യദുവീറിന്റെ മുൻഗാമി ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറും മൈസൂരുവിനെ ലോക്സഭയിൽ പ്രതിനിധാനം ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.