ബെംഗളൂരു : ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐ.ഐ.എം.ബി.) ജാതിവിവേചനം ആരോപിച്ച് അധ്യാപകൻ.
മാർക്കറ്റിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഗോപാൽദാസ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി.
രാഷ്ട്രപതിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനെത്തുടർന്നാണിത്. കഴിഞ്ഞ ജനുവരി മൂന്നിന് രാഷ്ട്രപതി ഐ.ഐ.എം.ബി. സന്ദർശിച്ചപ്പോഴാണ് ഗോപാൽദാസ് പരാതി നൽകിയത്.
ഐ.ഐ.എം.ബി. ഡയറക്ടർ ഋഷികേശ് ടി. കൃഷ്ണ ഉൾപ്പെടെ എട്ടാളുകൾക്കെതിരേയായിരുന്നു പരാതി. ദളിത് വിഭാഗത്തിൽപ്പെട്ടതിനാൽ സ്ഥാനക്കയറ്റം നൽകിയില്ലെന്നും മാനേജ്മെന്റിൽനിന്നും സഹപ്രവർത്തകരിൽനിന്നും ഉപദ്രവമുണ്ടായെന്നും പരാതിയിൽ ആരോപിച്ചു.
ഐ.ഐ.എം.ബി.യുടെ പരിപാടികളിൽനിന്ന് മാറ്റി നിർത്തി. പി.എച്ച്.ഡി. കോഴ്സുകളിൽനിന്ന് പിന്മാറാൻ സമ്മർദം ചെലുത്തി. സ്ഥാപനത്തിലെ ഗവേഷണസൗകര്യങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിൽ പറഞ്ഞു.
രാഷ്ട്രപതിക്ക് പരാതി നൽകിയശേഷം വിവേചനവും ഉപദ്രവവും വർധിച്ചതായും ഗോപാൽദാസ് പറയുന്നു. ഇക്കാര്യമുന്നയിച്ച് കഴിഞ്ഞമാസം സാമൂഹികക്ഷേമവകുപ്പ് ഡയറക്ടർക്കും പരാതി നൽകി.
പട്ടിക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളും വിവേചനം നേരിടുന്നതായി ആരോപിച്ചു.
ആരോപണങ്ങൾ ഐ.ഐ.എം.ബി. നിഷേധിച്ചു. സ്ഥാപനത്തിൽ ജാതിവിവേചനം അനുവദിക്കില്ലെന്നും അധ്യാപകന്റെ പരാതിയിൽ വിശദീകരണം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.