മിശ്രവിവാഹിതർക്ക് സർക്കാർ സഹായങ്ങൾ ഉണ്ടാകും; ജാതി കാരണം താൻ സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ കഴിഞ്ഞില്ല; സ്വന്തം അനുഭവം പങ്കുവെച്ച് സിദ്ധരാമയ്യ

Siddaramaiah

ബെംഗളൂരു : വിദ്യാർഥിയായിരുന്നകാലത്ത് തനിക്ക് ഒരു പെൺകുട്ടിയോടുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.

ജാതിയുടെ വേലിക്കെട്ട് തടസ്സം സൃഷ്ടിച്ചതിനെത്തുടർന്ന് ആ പ്രണയിനി കൈവിട്ടുപോകുകയായിരുന്നെന്നും ഇപ്പോൾ 77 വയസ്സിലെത്തിയ സിദ്ധരാമയ്യ പറഞ്ഞു.

‘വിദ്യാർഥിയായിരിക്കുമ്പോൾ ഞാനൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഞാൻ തെറ്റുചെയ്തെന്ന് ആരും ധരിക്കേണ്ട.

എന്റേത് വെറും പ്രേമമായിരുന്നില്ല. അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു..’സിദ്ധരാമയ്യ ഓർമ്മകൾ പങ്കുവെച്ചപ്പോൾ സദസ്സിന് ആവേശം.’ പക്ഷേ, അവളെ വിവാഹം കഴിച്ചുതരാൻ ആവശ്യപ്പെട്ടപ്പോൾ താൻ വ്യത്യസ്തജാതിയിൽപ്പെട്ട ആളാണെന്നു പറഞ്ഞ് പെൺകുട്ടിയുടെ കുടുംബം വിസമ്മതിച്ചു.

വ്യത്യസ്ത ജാതിയായതിനാൽ അവളും തയ്യാറായില്ല.’-സിദ്ധരാമയ്യ പറഞ്ഞു. അതിനാൽ തന്റെ ജാതിയിൽനിന്നുള്ള പെൺകുട്ടിയെത്തന്നെ വിവാഹം കഴിക്കുകയല്ലാതെ തനിക്ക് വേറെ മാർഗമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം ബുദ്ധപൗർണമി ആഘോഷത്തോടനുബന്ധിച്ച് മൈസൂരുവിൽ നടന്ന ഒരു മിശ്രവിവാഹച്ചടങ്ങിലാണ് സിദ്ധരാമയ്യ തന്റെ പഴയ പ്രണയിനിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

മൈസൂരുവിലെ സിദ്ധരാമനഹുണ്ഡി ഗ്രാമത്തിൽ പിന്നാക്കവിഭാഗമായ കുറുമ്പസമുദായത്തിലാണ് സിദ്ധരാമയ്യ ജനിച്ചത്.

ആടുകളെ മേക്കുകയാണ് കുറുമ്പസമുദായത്തിന്റെ കുലത്തൊഴിൽ. അത്തരമൊരു സാധാരണ ആട്ടിടയകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.

വളർന്നപ്പോൾ ബി.എസ്‌സി. ബിരുദധാരിയാകുകയും നിയമബിരുദം നേടുകയുംചെയ്തു. പൊതു പ്രവർത്തനത്തിലെത്തി രണ്ടുതവണ മുഖ്യമന്ത്രിപദത്തിലുമെത്തി.

മിശ്രവിവാഹിതർക്ക് സർക്കാർ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുമെന്ന് സിദ്ധരാമയ്യ ഉറപ്പുകൊടുത്തു.

ഇതരജാതിയിൽനിന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ സർക്കാർ നൽകും. ജാതീയതയെ തുടച്ചുനീക്കാൻ ഫലപ്രദമായ മാർഗമാണ് മിശ്രവിവാഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us