നഗരത്തിൽ കോഴിയിറച്ചിക്കും മീനിനും തീവില

ബെംഗളൂരു : ബെംഗളൂരുവിൽ കോഴിയിറച്ചിയുടെ വില റോക്കറ്റുപോലെ കുതിക്കുന്നു. ഒരുകിലോ കോഴിയിറച്ചിക്ക് നഗരത്തിൽ പലയിടങ്ങളിലെയും സ്റ്റാളുകളിൽ 300 രൂപയ്ക്കുമുകളിലാണ് വില.

ഏതാനും ആഴ്ചകൾക്കുമുമ്പ് 220 രൂപയ്ക്ക് ലഭിച്ചിരുന്നതാണ്. നിത്യോപയോഗസാധനങ്ങളുടെ തീവിലയിൽ പൊറുതിമുട്ടുന്ന ജനങ്ങളുടെ ദുരിതത്തിന് കൂടുതൽ തീവ്രതപകരുന്നതാണ് കോഴിയിറച്ചിയുടെ വിലക്കയറ്റം.

നഗരത്തിലെ മലയാളികളുടെയുൾപ്പെടെ തീൻമേശകളിലെ സ്ഥിരം വിഭവമാണ് കോഴിയിറച്ചി.

കഴിഞ്ഞമാസങ്ങളിൽ അനുഭവപ്പെട്ട കൊടുംചൂടുമൂലം കോഴിയുടെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു.

താങ്ങാനാവാത്ത ചൂടിനെ കോഴിക്കുഞ്ഞുങ്ങൾക്ക് അതിജീവിക്കാനായില്ല. കോഴിത്തീറ്റയുടെ വിലയിലെ വർധനയും ഇറച്ചിക്ക് വിലയുയരാൻ കാരണമായിട്ടുണ്ട്.

മീനിനും നഗരത്തിൽ തീവിലയാണ്. നാട്ടിൽ ചെറിയവിലയ്ക്കുകിട്ടുന്ന മീനിനുപോലും ഇവിടെ വലിയ വിലനൽകണം.

ഒരുകിലോ കോരയ്ക്ക് 420 രൂപയായിരുന്നു കെ.ആർ. പുരത്തെ ഒരു മീൻസ്റ്റാളിൽ ഞായറാഴ്ചത്തെ വില. ഒരുകിലോ മത്തിക്ക് 320-350 രൂപ നിരക്കിലാണ് പലപ്പോഴും വിൽക്കുന്നത്.

സാധാരണക്കാർ വാങ്ങുന്ന അയലയ്ക്ക് ഇതിലും വിലവരും. ആവോലി, അയക്കൂറ, ചെമ്മീൻ തുടങ്ങിയവ സാധാരണക്കാർക്ക് അപ്രാപ്യമായ വിലയിലാണ് വിൽക്കുന്നത്.

വലിയവിലയിൽ മീൻവാങ്ങാൻ കഴിയാത്തവർ കോഴിയിറച്ചിയിലാണ് ആശ്വാസംകണ്ടെത്തുന്നത്. അതും ഇപ്പോൾ താങ്ങാനാവാത്ത നിലയിലായെന്ന് ജനങ്ങൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us