ബെംഗളൂരു : രാജ്യത്തിന്റെ ആദ്യ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.).
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തിയ ഓഗസ്റ്റ് 23 ആണ് ദേശീയ ബഹിരാകാശദിനമായി രാജ്യം ആഘോഷിക്കുന്നത്. 2023 ഓഗസ്റ്റ് 23-നായിരുന്നു സോഫ്റ്റ്‌ലാൻഡിങ് നടന്നത്.
ഇതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശദിനമായി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു.
രാജ്യവ്യാപകമായി ആഘോഷങ്ങളും ശാസ്ത്രപരിപാടികളും സംഘടിപ്പിക്കാൻ ഐ.എസ്.ആർ.ഒ. തീരുമാനിച്ചിട്ടുണ്ട്.
‘ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു; ഇന്ത്യയുടെ ബഹിരാകാശ കഥ’ എന്നതാണ് ഇത്തവണത്തെ ബഹിരാകാശ ദിനത്തിന്റെ ഉള്ളടക്കം.
ഐ.എസ്.ആർ.ഒ.യുടെ ആഘോഷപരിപാടികളിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാൻ അവസരമുണ്ട്.
ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങൾ ഉൾക്കൊള്ളുന്ന ലോഗോ രൂപകല്പനചെയ്യാൻ ഐ.എസ്.ആർ.ഒ. പൊതുജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
മേയ് 20-നുമുമ്പായി ലോഗോ അയക്കണം. [email protected] എന്ന വിലാസത്തിൽ അയക്കാം.
ചന്ദ്രയാൻ-3, ആദിത്യ എൽ-1 തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയത് സമീപകാലത്ത് ഐ.എസ്.ആർ.ഒ.യുടെ അഭിമാനനേട്ടങ്ങളാണ്.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിനുള്ള പരീക്ഷണങ്ങൾ വിജയകരമായി നടപ്പാക്കിയതും ഇക്കാലയളവിലാണ്.
എക്‌സ്‌പോസാറ്റ്, ഇൻസാറ്റ് തുടങ്ങിയ ഉപഗ്രഹങ്ങളും ഈ വർഷം ഐ.എസ്.ആർ.ഒ.യ്ക്ക് വിക്ഷേപിക്കാൻ സാധിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.