പ്രവീൺ നെട്ടാരു വധക്കേസ് : മുഖ്യപ്രതിയുൾപ്പെടെ മൂന്നുപേരെ എൻ.ഐ.എ. അറസ്റ്റുചെയ്തു

ബെംഗളൂരു : കർണാടകത്തിൽ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഉൾപ്പെടെ മൂന്നുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു.

ദക്ഷിണകന്നഡ ജില്ലയിലെ സുള്ള്യ സ്വദേശി മുസ്തഫ പൈച്ചർ, കുടക് സ്വദേശികളായ സിറാജ്, ഇല്യാസ് എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാവിലെ ഹാസൻ ജില്ലയിലെ സകലേശ്പുരയിൽനിന്നാണ് ഇൻസ്പെക്ടർ ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള എൻ.ഐ.എ. സംഘം ഇവരെ പിടികൂടിയത്.

മുസ്തഫയെയും ഇല്യാസിനെയും സിറാജാണ് സകലേശ്പുരയിൽ ഒളിവിൽക്കഴിയാൻ സഹായിച്ചത്.

ഇരുവരെയും ഒളിവിൽക്കഴിയാൻ സഹായിച്ചതിനാണ് സിറാജിനെ അറസ്റ്റുചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുസ്തഫ പൈച്ചറാണ് കേസിലെ മുഖ്യപ്രതി.

നിരോധിക്കപ്പെട്ട സംഘടനയായ പി.എഫ്.ഐ.യുടെ പ്രവർത്തകനാണ് മുസ്തഫ. കേസിൽ നേരത്തേ ഒട്ടേറെപ്പേർ അറസ്റ്റിലായിരുന്നു.

2022 ജൂലായ് 26-നാണ് പ്രവീൺ നെട്ടാരുവിനെ സുള്ള്യ ബെല്ലാരെയിലെ സ്വന്തം കടയുടെ മുന്നിൽ സ്കൂട്ടറിലെത്തിയ രണ്ടുപേർ വെട്ടിക്കൊന്നത്.

പോലീസ് ആദ്യം കേസ് അന്വേഷിച്ചെങ്കിലും പിന്നീട് എൻ.ഐ.എ. ഏറ്റെടുക്കുകയായിരുന്നു. കേസിൽ 20 പേർക്കെതിരേയാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചത്.

ഒരു സമുദായത്തിൽപ്പെട്ടവരിൽ ഭയം സൃഷ്ടിക്കാനും സമൂഹത്തിൽ വർഗീയവിദ്വേഷവും അശാന്തിയും സൃഷ്ടിക്കാനുമുള്ള പി.എഫ്.ഐ.യുടെ അജൻഡയുടെ ഭാഗമായാണ് നെട്ടാരുവിനെ കൊലപ്പെടുത്തിയതെന്നാണ് എൻ.ഐ.എ. കുറ്റപത്രത്തിൽ പറയുന്നത്.

കൊലപാതകത്തിനുശേഷം ഒളിവിലായിരുന്ന മുസ്തഫയെ പിടികൂടാൻ സഹായിക്കുന്നവർക്ക് എൻ.ഐ.എ. അഞ്ചുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us