നഗരത്തിൽ അപകടം വിതച്ച് ‘ബൈക്ക് വീലിങ്’; ബോധവത്കരണ കാമ്പയിൻ ഒരുക്കി പോലീസ്

ബെംഗളൂരു : നടുറോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ (ബൈക്ക് വീലി) നടത്തുന്നതും അപകടങ്ങളുണ്ടാകുന്നതും പതിവായതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ ബോധവത്കരണം സംഘടിപ്പിക്കാൻ ട്രാഫിക് പോലീസ്.

ഇത്തരം അഭ്യാസപ്രകടനങ്ങൾ മറ്റുള്ളവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും വർധിച്ചുവരുന്ന അപകടങ്ങളുമുൾപ്പെടെ ഉയർത്തിക്കാട്ടിയാകും ബോധവത്കരണം സംഘടിപ്പിക്കുക.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണം ഏകോപിപ്പിക്കാൻ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

ട്രാഫിക് പോലീസിന്റെ കണക്കനുസരിച്ച് ബൈക്ക് അഭ്യാസം നടത്തിയ 191 പേർക്കെതിരേയാണ് ഈ വർഷം കേസ് രജിസ്റ്റർ ചെയ്തത്.

ഇതിൽ 17 കേസുകളിൽ ഉൾപ്പെട്ടവർ പ്രായപൂർത്തിയാകാത്തവരാണ്. നൈസ് റോഡ്, ഔട്ടർ റിങ് റോഡ് എന്നിവിടങ്ങളിലാണ് അഭ്യാസപ്രകടനങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത്. ഇവിടെ നിരീക്ഷണത്തിനായി കൂടുതൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണത്തിനൊപ്പം പൊതുജനങ്ങൾക്ക് ബൈക്ക് അഭ്യാസങ്ങളുടെ ചിത്രങ്ങളിടാനും സാമൂഹിക മാധ്യമങ്ങളിലൂടെ പരാതി നൽകാൻ സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്.

പരാതികൾ ലഭിക്കുന്ന പ്രദേശങ്ങളിൽ പോലീസിന്റെ പ്രത്യേക നിരീക്ഷണമുണ്ടാകും.

അതേസമയം, ബൈക്ക് അഭ്യാസം നടത്തുന്നവർ ബൈക്കുകളിൽനിന്ന് നമ്പർപ്ലേറ്റുകൾ നീക്കം ചെയ്യുന്നതാണ് പോലീസിന് വെല്ലുവിളിയാകുന്നത്.

അഭ്യാസപ്രകടനം നടത്തുന്നവരെ പിടികൂടാൻ കഴിയാത്തത് നമ്പർ പ്ലേറ്റുകളില്ലാത്തതിനാണ്.

കോളേജുകളിലും യുവാക്കൾ കൂടുതലെത്തുന്ന പ്രദേശങ്ങളിലും നമ്പർ പ്ലേറ്റുകളില്ലാത്ത ബൈക്കുകൾ പിടികൂടാൻ നേരത്തേ പോലീസ് പ്രത്യേക പരിശോധന നടത്തിയിരുന്നു.

എന്നാൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരം വാഹനങ്ങൾ പൊതുജനങ്ങളുടെ സഹായമുണ്ടെങ്കിൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us