ബെംഗളൂരു : പോട്ടറി ടൗണിൽ നിർമാണത്തിലുള്ള മെട്രോ സ്റ്റേഷനു സമീപം റോഡിൽ കുഴി രൂപപ്പെട്ടതിനാൽ വാഹനഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി.
ബോർ ബാങ്ക് റോഡിൽനിന്ന് ബെൻസൺ ടൗൺ, നന്ദി ദുർഗ റോഡ് ഭാഗങ്ങളിലേക്ക് പോകേണ്ടവർ ഹൈൻസ് റോഡ് ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
റോഡ് തകർന്നത് ബോർ ബാങ്ക് റോഡിൽനിന്ന് ബെൻസൺ ടൗണിലേക്കു പോകുന്ന യാത്രക്കാർക്കാണ് ബുദ്ധിമുട്ടായത്.
മെട്രോ നിർമാണപ്രവർത്തനങ്ങൾക്ക് കുഴിയെടുക്കുന്നതിനായി താത്കാലികമായി സ്ഥാപിച്ചിരുന്ന ഉപകരണം വീണാണ് റോഡ് തകർന്നത്.
അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം നിരോധിച്ചെന്ന് അധികൃതർ അറിയിച്ചു.
റോഡ് നന്നാക്കുന്ന ജോലികൾ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ആരംഭിച്ചിട്ടുണ്ട്.
എന്നാൽ, റോഡിലൂടെ വാഹനഗതാഗതം പുനരാരംഭിക്കാൻ 30 ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കുമായി മെട്രോ നിർമാണസ്ഥലത്തിനകത്ത് ബി.എം.ആർ.സി.എൽ. താത്കാലിക റോഡ് നിർമിക്കുന്നുണ്ട്.
നന്ദിദുർഗ റോഡ്, ബെൻസൻ ടൗൺ ഭാഗങ്ങളിലുള്ളവർക്ക് ഉപകാരപ്പെടും ഈ റോഡ്. പത്തുദിവസത്തിനകം താത്കാലിക റോഡ് നിർമാണം പൂർത്തിയാകുമെന്നാണ് വിവരം.
നമ്മ മെട്രോ പിങ്ക് ലൈനിന്റെ ഭാഗമായ നിർമാണത്തിലുള്ള ഭൂഗർഭ മെട്രോ സ്റ്റേഷനാണ് പോട്ടറി ടൗൺ മെട്രോ സ്റ്റേഷൻ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.