തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാമാസവും ഒന്നിനുള്ള മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന.
ഇങ്ങനെ വർഷത്തില്‍ 12 ദിവസം മദ്യവില്‍പ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം ചേർന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗത്തില്‍ വിലയിരുത്തിയിരുന്നു.
കൂടാതെ, ഇത് ദേശീയ-അന്തർദേശീയ കോണ്‍ഫറൻസുകളില്‍നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും.
ഇതോടെയാണ് ഡ്രൈ ഡേ പിൻവലിക്കാൻ ആലോചിക്കുന്നത്.
ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ നിർദേശത്തെക്കുറിച്ച് കുറിപ്പ് സമർപ്പിക്കണമെന്നാണ് നിർദേശം.
ഇതിന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ബിവറേജ് വില്‍പ്പനശാലകള്‍ ലേലംചെയ്യുക, മൈക്രോവൈനറികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്.
സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്.
മൈക്രോ വൈനറികള്‍ പ്രോത്സാഹിപ്പിക്കും.
മസാലചേർത്ത വൈനുകള്‍ ഉള്‍പ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാധ്യതകളും പരിശോധിക്കും.
നിർദേശങ്ങള്‍ സമർപ്പിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
വരുമാനവർധനയ്ക്കുള്ള ശുപാർശകളില്‍ വീഞ്ഞുനിർമാണം പ്രോത്സാഹിപ്പിക്കാൻ പിന്തുണ നല്‍കണമെന്നാണ് നിർദേശം.
ഹോർട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്‌പാദനം പ്രോത്സാഹിപ്പിക്കും.
കയറ്റുമതിക്കും ചില്ലറ വില്‍പ്പനവിപണികള്‍ക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യഉത്‌പന്നങ്ങള്‍ക്കും പ്രോത്സാഹനം നല്‍കും.
കയറ്റുമതിക്കായി മദ്യം ലേബല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ദേശീയ, അന്തർദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനഃപരിശോധിക്കാനും നിർദേശമുണ്ട്.
നികുതിവരുമാനം കൂട്ടാൻ നിശ്ചിതയെണ്ണം ചില്ലറ മദ്യവില്‍പ്പനശാലകളുടെ നടത്തിപ്പ് ലേലംചെയ്യാനുള്ള സാധ്യതയും പരിശോധിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.