അന്യോന്യം ആക്രമണം തൊടുത്തുവിട്ട് ജെ.ഡി.എസും കോൺഗ്രസും; തമ്മിൽ പരസപരം തർക്കം രൂക്ഷം  

ബെംഗളൂരു : സംസ്ഥാനത്തെ ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കൊമ്പുകോർത്ത് ജെ.ഡി.എസും കോൺഗ്രസും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൈകോർത്തുനിന്ന ഇരുപാർട്ടികളും ഇത്തവണ ശത്രുപക്ഷത്തുനിന്ന് പോരാട്ടം നടത്തുന്നതിന്റെ വീറിൽ അന്യോന്യം ആക്രമണം തൊടുത്തുവിടുന്ന കാഴ്ചയാണിപ്പോൾ.

ഒന്നിച്ചുനിന്നപ്പോഴത്തെ അനുഭവങ്ങൾ ഇപ്പോൾ കുറ്റപ്പെടുത്തലിന്റെ രൂപത്തിൽ കടന്നുവരുകയും ചെയ്യുന്നു.

ഞായറാഴ്ച മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പ്രചാരണയോഗത്തിൽ ജെ.ഡി.എസ്. അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ കോൺഗ്രസിനുനേരെ നടത്തിയ ആക്രമണത്തിന് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്ച രംഗത്തെത്തി.

ആറുകോടി ജനങ്ങളുടെ മുഖ്യമന്ത്രി 140 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയെപ്പറ്റി മോശം അഭിപ്രായം പറയുകയാണെന്ന ദേവഗൗഡയുടെ പരിഹാസമാണ് സിദ്ധരാമയ്യയെ ചൊടിപ്പിച്ചത്.

ദേവഗൗഡ വളരെക്കാലം ഒരു പ്രാദേശിക പാർട്ടിയായ ജെ.ഡി.എസിന്റെ നേതാവായിരുന്ന് കേന്ദ്രസർക്കാരുകളെയും പ്രധാനമന്ത്രിമാരെയും സ്ഥിരമായി വിമർശിച്ചിരുന്നില്ലേയെന്ന് ചോദിച്ചാണ് സിദ്ധരാമയ്യ തിരിച്ചടിച്ചത്.

2002-ൽ ഗുജറാത്ത് കലാപകാലത്ത് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ ദേവഗൗഡ വിമർശിച്ച കാര്യവും ചൂണ്ടിക്കാട്ടി.

ഏതാനും മാസങ്ങൾമുമ്പ് ജെ.ഡി.എസ്. നേതാവായ എച്ച്.ഡി. കുമാരസ്വാമി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച കാര്യവും സിദ്ധരാമയ്യ ഓർമിപ്പിച്ചു. അന്ന് കുമാരസ്വാമിയെ തടയാതിരുന്നതെന്താണെന്ന് ചോദിച്ചു.

വൊക്കലിഗ സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ട് ആദിചുഞ്ചനഗിരി മഠത്തിൽ ബി.ജെ.പി. നേതാക്കളെയും സ്ഥാനാർഥികളെയുംകൂട്ടി കഴിഞ്ഞദിവസം കുമാരസ്വാമി പോയതിൽ കോൺഗ്രസ് വലിയ വിമർശനമുന്നയിച്ചിരുന്നു.

വൊക്കലിഗവിഭാഗം നേതാവായ കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ താഴെയിറക്കാനായി അന്നത്തെ സഖ്യസർക്കാരിനെ തകർത്തത് ബി.ജെ.പി. യായിരുന്നെന്ന കാര്യമാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടിയത്.

അന്ന് കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരായിരുന്നു. മഠം സന്ദർശനത്തെ വിമർശിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് കുമാരസ്വാമിക്കുനേരേ ആക്രമണംനടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us