കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം; ബിജെപി-ജെഡിയു സഖ്യം പൊളിയുമോ?

ബെംഗളൂരു: ജെഡിഎസ്സിലെ ഉന്നത നേതാവായ എച്ച്ഡി രേവണ്ണയ്ക്കും, അദ്ദേഹത്തിന്റെ മകൻ പ്രജ്വൽ രേവണ്ണയ്ക്കുമെതിരെ നടന്ന വൻ നീക്കം കർണാടക രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

ഏതാണ്ട് 3000 ലൈംഗികാതിക്രമ വീഡിയോകൾ തന്റെ പക്കലുണ്ടെന്നാണ് ബിജെപി നേതാവ് ജി ദേവരാജ ഗൗഡ പറയുന്നത്.

പല വീഡിയോകളും ഇതിനകം ലീക്കാവുകയും സോഷ്യൽ മീഡിയയിൽ പരക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ പല സ്ത്രീകളും പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരുമാണ് എന്നത് ജെഡിഎസ്സിലും ബിജെപിയിലും മറ്റൊരു പ്രതിസന്ധി കൂടി സൃഷ്ടിച്ചിട്ടുണ്ട്.

ആദ്യത്തെ തവണ വീഡിയോ പകർത്തുകയും പിന്നീട് ആ വീഡിയോ ഉപയോഗിച്ച് ബ്ലാക്ക്‌മെയിലിങ് നടത്തുകയും ചെയ്യുന്നതാണ് പ്രജ്വലിന്റെ പതിവെന്ന് ആരോപണമുയരുന്നു.

കർണാടകയിൽ ഹാസ്സൻ അടക്കമുള്ള മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26നും രണ്ടുദിവസം മുമ്പാണ് വീഡിയോകൾ പുറത്തുവന്നത്.

ഹാസ്സൻ മണ്ഡലത്തിലെ നിലവിലെ എംപി, 33കാരനായ പ്രജ്വൽ രേവണ്ണ വീണ്ടും മത്സരിക്കുന്നുണ്ടായിരുന്നു. ഇതേ മണ്ഡലത്തിൽ പെടുന്ന നിയമസഭാ മണ്ഡലമാണ് ഹോലെനരസിപുർ. ഈ മണ്ഡലത്തിൽ നിന്നുള്ള ബിജെപി നേതാവായ ജി ദേവരാജെഗൗഡയാണ് വീഡിയോ പെൻഡ്രൈവുകളുമായി രാഷ്ട്രീയരംഗം കലുഷിതമാക്കിയിരിക്കുന്നത്.

2023 സെപ്തംബറിൽ പ്രജ്വലിനെ ഹൈക്കോടതി എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വന്ന ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.

ഈ ഹരജി നൽകിയത് ഹാസ്സൻ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എ മഞ്ജുവും അദ്ദേഹത്തിന്റെ കൂട്ടാളിയായ ജി ദേവരാജെഗൗഡയും ചേർന്നായിരുന്നു. ഇദ്ദേഹം 2023ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ഹോലനരസിപുർ മണ്ഡലത്തിൽ മത്സരിക്കുകയും തോൽക്കുകയും ചെയ്തിരുന്നതാണ്.

ഈ മണ്ഡലത്തിൽ വിജയിച്ചത് ജെഡിഎസ് സ്ഥാനാർത്ഥി എച്ച്ഡി രേവണ്ണയായിരുന്നു. ദേവരാജെ ഗൗഡ മൂന്നാം സ്ഥാനത്താണ് വന്നത്.

വെറും 4,850 വോട്ടുകളാണ് ദേവരാജെ ഗൗഡയ്ക്ക് ലഭിച്ചത്. ഒന്നാമതെത്തിയ രേവണ്ണയ്ക്ക് 88,103 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമതെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി ശ്രേയസ് പട്ടേൽ 84,951 വോട്ടുകളും നേടി.

ഈ തെരഞ്ഞെടുപ്പിൽ രേവണ്ണ ചില ക്രമക്കേടുകൾ നടത്തിയെന്ന് ആരോപിച്ച് ജി ദേവരാജഗൗഡ ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.

പണവും സമ്മാനങ്ങളും വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിച്ചെന്നാണ് ദേവരാജഗൗഡ കേസ് ഫയൽ ചെയ്തത്.

ചുരുക്കത്തിൽ രേവണ്ണയ്ക്കും പ്രജ്വലിനും പിന്നാലെ ഏറെനാളായി ദേവരാജെ ഗൗഡയുണ്ട്. എങ്കിലും പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങൾ രേവണ്ണയെയും മകനെയും ജെഡിഎസ്സിനെയും വലയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഈ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലെങ്കിൽ അത്ഭുതപ്പെടാനും വകുപ്പുണ്ട്. ഇരുപാർട്ടികളും തമ്മില്‍ ഈ വിവാദം അകൽച്ചയുണ്ടാക്കാൻ എല്ലാ സാധ്യതയും നിലവിലുണ്ട്. എങ്കിലും തെരഞ്ഞെടുപ്പു ഫലത്തെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ.

ഇത്തരമൊരു കക്ഷിയെ സംരക്ഷിച്ചു കൊണ്ട് മുമ്പോട്ടു പോകുന്നത് ബിജെപിയെ പ്രശ്നത്തിലാക്കും. തെരഞ്ഞെടുപ്പിൽ ഈ സഖ്യം വേണ്ടത്ര ഫലം ചെയ്തില്ലെങ്കിൽ ജെഡിഎസ്സിലെയും ബിജെപിയിലെയും സഖ്യവിരോധികൾക്ക് ശക്തിയേറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us