ബെംഗളൂരു : ലൊട്ടെഗൊല്ലഹള്ളി ദേവിനഗറിൽ ജൂവലറിയിൽ വെടിവെപ്പും കവർച്ചശ്രമവുംനടന്ന സംഭവത്തിൽ ഇതരസംസ്ഥാന സംഘങ്ങളുടെ പങ്ക് പോലീസ് സംശയിക്കുന്നു.
ഇതരസംസ്ഥാന കവർച്ചസംഘങ്ങളുടെ രീതിയാണ് ഇവർ പിന്തുടർന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ ഒക്ടോബറിൽ ബൈദരഹള്ളിയിലെ ജൂവലറിയിലും ഉടമയെ വെടിവെച്ചുവീഴ്ത്തി സ്വർണാഭരണങ്ങൾ കവർന്നിരുന്നു.
ഈ കേസിൽ രാജസ്ഥാൻ സ്വദേശികളായ സംഘമാണ് പിടിയിലായത്.
ദേവിനഗറിലെ ജൂവലറിയിൽ കവർച്ചയ്ക്കെത്തിയ സംഘം സ്ഥിരമായി കവർച്ച നടത്തുന്നവരല്ലെന്നും പോലീസ് പറയുന്നു. വെടിവെപ്പിനുശേഷം ഭയന്നുപോയതും തോക്ക് കടയ്ക്ക് സമീപത്ത് നഷ്ടപ്പെട്ടുപോയതും ഇതിന്റെ സൂചനകളാണ്.
എന്നാൽ, പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കവർച്ചസംഘത്തെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ജൂവലറിക്ക് സമീപത്തെ മൊബൈൽ ടവറുകളുടെ പരിധിയിലെ കോൾ വിവരങ്ങളും പോലീസ് പരിശോധിച്ചുവരുകയാണ്.
വ്യാഴാഴ്ച രാവിലെ 11-ഓടെയാണ് ലക്ഷ്മി ബാങ്കേഴ്‌സ് ആൻഡ് ജൂവലേഴ്‌സ് എന്ന സ്ഥാപന ഉടമയ്ക്കും ജീവനക്കാർക്കും നേരേ നാലംഗ കവർച്ചസംഘത്തിന്റെ വെടിവെപ്പുണ്ടായത്.
സംഭവത്തിൽ ജൂവലറി ഉടമ ഹപുറാം, ജീവനക്കാരൻ ആണ്ടറാം എന്നിവർക്ക് പരിക്കേറ്റിരുന്നു.
വെടിവെപ്പിനുശേഷം ആഭരണങ്ങൾ കവരാൻ ശ്രമിച്ചെങ്കിലും വെടിശബ്ദംകേട്ട് പ്രദേശത്തുണ്ടായിരുന്നവർ ഓടിക്കൂടിയതോടെ നാലുപേരും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ സംഘത്തിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ജൂവലറിക്ക് സമീപം ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.