കൊച്ചി : ആർ.എം.പി നേതാവ്ടി .പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല.
ഏറ്റവുമൊടുവില്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു.
20 വർഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കേസിലെ ഒൻപത് പ്രതികള്‍ക്ക് ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.
ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം.
കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
അതിക്രൂരമായ കൊലപാതകത്തിന് ജീവപര്യന്തം അപര്യാപ്തമാണ്.
ആർക്ക് വേണ്ടിയും എന്തിന് വേണ്ടിയുമാണ് ടി.പിയെ കൊന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.
പ്രതികളുടെ ആരോഗ്യപ്രശ്നം വധശിക്ഷ ഒഴിവാക്കാനുള്ള കാരണമല്ല.
പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം.
വർഷങ്ങള്‍ നീണ്ട വലിയ ഗൂഢാലോചനയും വൈരാഗ്യവും ഇതിന് പിന്നിലുണ്ട്.
ജയില്‍ റിപ്പോർട്ടില്‍ പലതും മറച്ചുവച്ചു. കോടതി ഇക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച മൂന്നുമണിക്കൂറോളമാണ് ഹൈക്കോടതിയില്‍ വാദം നടന്നത്.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടർ കുമാരൻകുട്ടി, ടി.പി.യെ എന്തിനുവേണ്ടി കൊലപ്പെടുത്തിയെന്ന കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയില്‍ പറഞ്ഞു.
ജയിലില്‍ കഴിഞ്ഞ കാലത്ത് പ്രതികള്‍ ഏർപ്പെട്ട ക്രിമിനല്‍പ്രവർത്തനങ്ങളും പ്രോസിക്യൂഷൻ കോടതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികളെക്കുറിച്ച് ജയിലുകളില്‍ നിന്ന് നല്കിയ റിപ്പോർട്ട് പൂർണമല്ലെന്നും ഇത്തരം ക്രിമിനല്‍പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.